ബെംഗളൂരു∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങി. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചിൽ നടത്താൻ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. മൂന്നു ബോട്ടുകളിലായി 18 പേരാണ് ആദ്യം ലോറിക്കരികിലേക്ക് പോയത്. കരയിൽ നിന്നും 40 മീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്.
ലോറി ഉണ്ടെന്ന് ഉറപ്പിച്ചതിനു ശേഷമാണ് നാവിക സേനയുടെ സ്കൂബാ ഡൈവേഴ്സ് അടങ്ങുന്ന സംഘം നദിയിലേക്ക് പോയത്. എത്ര മണിക്കൂറെടുത്താകും ലോറി പുറത്തേക്ക് എത്തിക്കുകയെന്നതിലൊന്നും ഇപ്പോൾ വ്യക്തതയില്ല. തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെങ്കിലും മണ്ണ് മാറ്റുന്നത് തുടരുകയാണ്. എത്രത്തോളം മണ്ണ് നദിയിൽ ട്രക്കിനു മുകളിലുണ്ടെന്നതിൽ വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവൻ മാറ്റിയാൽ മാത്രമേ ലോറി പുറത്തെടുക്കാൻ കഴിയുകയുളളു.