എല്ലാവരും സഹായിച്ചു, സര്‍ക്കാരിന് നന്ദി’: ശ്രുതി ജോലിയില്‍ പ്രവേശിച്ചു

0
612

വയനാട് ദുരന്തത്തില്‍ കുടുംബമൊന്നാകെ ഇല്ലാതാവുകയും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്നുമുതല്‍ പുതിയ ജീവിതത്തിലേക്ക്.. രാവിലെ പത്തുമണിയോടെ വയനാട് കലക്ടറേറ്റിലെ എഡിഎമ്മിന്റെ ഓഫീസിലെത്തിയാണ് ശ്രുതി പുതിയ ജോലിയില്‍ പ്രവേശിച്ചത്.’മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ എല്ലാവരോടും സന്തോഷം’- വയനാട് കലക്ടേറ്ററില്‍ റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു.

 

‘മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ സന്തോഷം ഉണ്ട്. സര്‍ക്കാരിനോട് നന്ദിയുണ്ട്, ഓരോരുത്തരുടെയും പേര് എടുത്ത് പറയുന്നില്ല. എല്ലാവരും സഹായിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി ഉണ്ട്. വയ്യായ്കയുണ്ടെങ്കിലും ജോലിക്കായി എത്തും. ഇന്ന് രാവിലെ റവന്യൂ മന്ത്രി രാജന്‍ സാര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു’- ശ്രുതി പറഞ്ഞു.

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലായ് 30നുണ്ടായ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും ഒരപകടത്തില്‍ നഷ്ടമായി. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പില്‍ നിയമനം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here