കോഴിക്കോട് ∙ ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ യുവാവിന്റെ മരണത്തിന് ഇടയാക്കിയ കാർ തിരിച്ചറിഞ്ഞു. തെലങ്കാന റജിസ്ട്രേഷനിലുള്ള ബെൻസ് ഇടിച്ചാണ് യുവാവ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് കാർ ഏതാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെൻസ് കാർ ഓടിച്ചിരുന്നത് സാബിദ് റഹ്മാനാണ്. ഇതിന്റെ ഇൻഷുറൻസ് പുതുക്കിയിട്ടില്ലെന്നാണ് വിവരം.
പതിനൊന്നുമണിയോടെ ഫൊറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. ബെൻസ് കാറിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയും പരിശോധിക്കും. ആൽവിൻ റീൽസ് ചിത്രീകരിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസിന് ലഭിച്ചിട്ടില്ല. അപകടം നടന്ന സ്ഥലത്ത് പൊലീസ് തിരഞ്ഞെങ്കിലും ഫോൺ കണ്ടെത്തിയിരുന്നില്ല. തിരച്ചിൽ ഊർജിതമാക്കാനാണ് പൊലീസ് തീരുമാനം. മൊബൈൽ ഫോൺ ഒളിപ്പിച്ചതാണോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.
റീൽസ് ചിത്രീകരണത്തിനായി രണ്ടു കാറുകളാണ് എത്തിച്ചിരുന്നത്. ഇതിൽ ഏതു കാറാണ് ഇടിച്ചതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. പൊലീസ് തയാറാക്കിയ എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത് ഡിഫൻഡർ കാർ ഇടിച്ചാണ് യുവാവ് മരിച്ചതെന്നാണ്. അതിനിടെ അപകടം വരുത്തിയ കാർ മാറ്റാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയർന്നു.
ആദ്യം പൊലീസ് പറഞ്ഞ കാർ നമ്പർ അപകടം വരുത്തിയ 2 കാറുകളുടേതും അല്ലായിരുന്നു. അതു പ്രഥമ വിവര പ്രകാരം പൊലീസ് തയാറാക്കിയ റിപ്പോർട്ട് ആയിരുന്നു. പിന്നീട് ഇരു കാറുകളും വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ.ജോസ് കസ്റ്റഡിയിൽ എടുത്തു. 2 ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്തു. രാത്രി മോട്ടർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്തി കാറുകൾ പരിശോധിച്ചിരുന്നു.