വാരണാസി: 24 മണിക്കൂര്‍ തുടര്‍ച്ചയായി ആരാധന നടത്തിയിട്ടും ഭദ്രകാളി പ്രത്യക്ഷപ്പെടാത്തതില്‍ മനംനൊന്ത് 40 കാരനായ പൂജാരി കഴുത്തറുത്ത് മരിച്ചു.
ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. നഗരത്തിലെ ഗായ് ഘട്ട് പ്രദേശത്തെ താമസക്കാരനായ അമിത് ശര്‍മ്മയാണ് മരിച്ചത്.തന്റെ വാടക വീടിന്റെ മുറ്റത്ത് വെച്ച് കട്ടര്‍ ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. ആ സമയം അടുക്കളയില്‍ പാചകം ചെയ്തിരുന്ന ഭാര്യ ‘ അമ്മേ കാളി എനിക്ക് ദര്‍ശനം നല്‍കൂ’ എന്ന് ഭര്‍ത്താവ് ഉറക്കെ പറയുന്നത് കേട്ട് പുറത്തേക്ക് വന്നു നോക്കുമ്ബോഴാണ് സംഭവം കണ്ടത്.
നിലത്ത് ചോരയൊലിച്ചിരിക്കുന്ന ഭര്‍ത്താവിനെയും അടുത്തു കിടന്ന കട്ടറും കണ്ട് യുവതി നിലവിളിച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തി.ഭാര്യയും അയല്‍ക്കാരും ചേര്‍ന്ന് ശര്‍മ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കാളി തനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്ന വിശ്വാസത്തോടെ മുറി പൂട്ടിയിരുന്ന് 24 മണിക്കൂറും ശര്‍മ്മ തീവ്രമായ ആരാധനാ ചടങ്ങുകള്‍ നടത്തിയിരുന്നതായി ഭാര്യ ജൂലി പോലീസിനോട് പറഞ്ഞു
ഇത് നടക്കാതെ വന്നതോടെ മനംനൊന്ത ഇയാള്‍ ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു, അന്വേഷണം ആരംഭിച്ചു.