കോഴിക്കോട്: ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വാഹനമോടിച്ച സാബിത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. അശ്രദ്ധമായി വാഹനമോടിച്ചു, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചു, മനഃപൂർവ്വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
അപകടത്തിൽ മോട്ടോർ വാഹന വകുപ്പും (എം.വി.ഡി) നടപടിയെടുക്കും. വാഹനങ്ങൾ ഓടിച്ച സാബിത്തിൻ്റേയും റയീസിന്റേയും ലൈസൻസ് അടുത്ത ദിവസം തന്നെ സസ്പെൻഡ് ചെയ്യുമെന്ന് എം.വി.ഡി. അറിയിച്ചു.
അതേസമയം മരിച്ച ആൽവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ചൊവ്വാഴ്‌ച രാവിലെ ഏഴു മണിയോടെയാണ് ആൽവിനും സംഘവും വെള്ളയിൽ സ്റ്റേഷനു മുൻവശത്ത് ബീച്ച് റോഡിൽ എത്തിയത്.
ആൽവിനെ സ്റ്റേഷനു മുന്നിൽ ഇറക്കിയ ശേഷം രണ്ടു കാറുകളും മുന്നോട്ടു പോയി തിരിച്ചു വരികയായിരുന്നു.റോഡിന്റെ നടുവിൽ നിന്നും വീഡിയോ ചിത്രീകരിക്കുകയായിരുന്ന ആൽവിനെ ഒരു കാർ ഇടിച്ചുവീഴ്ത്തി. തെറിച്ചുയർന്ന് റോഡിൽ തലയടിച്ചു വീണ ആൽവിന് നട്ടെല്ലിനും പരുക്കേറ്റിരുന്നു.