ജനുവരി 26ന് സംസ്ഥാനത്ത് ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാൻ നടപടികൾ ഊർജിതമാക്കി ഉത്തരാഖണ്ഡ് സർക്കാർ. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവർക്കും വിവാഹ സർട്ടിഫിക്കറ്റിന് സമാനമായ രജിസ്ട്രേഷൻ നിർബന്ധമാക്കും. പാരമ്പര്യ സ്വത്ത് കൈമാറ്റത്തിന് സാക്ഷികളുടെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കണം. എല്ലാത്തരം രജിസ്ട്രേഷനുകൾക്കും ഫോട്ടോയും ആധാർ കാർഡും നിർബന്ധമാക്കാനും ഏകീകൃത സിവിൽ കോഡിൽ വ്യവസ്ഥയുണ്ട്.
മൂന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ 14 ഉദ്യോഗസ്ഥർക്കായി നൽകുന്ന പരിശീലനം ഈ മാസം 20ന് പൂർത്തിയാകും. ഏകീകൃത സിവിൽ കോഡിനായുള്ള വെബ്സൈറ്റും തയാറായി കഴിഞ്ഞു. പൌരർക്കും സേവന കേന്ദ്രങ്ങളിലെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും വെബ്സൈറ്റിൽ പ്രത്യേക ലോഗിൻ സംവിധാനമുണ്ടാകും. വിവാഹ രജിസ്ട്രേഷൻ, വിവാഹ മോചനം, ലിവിൻ രജിസ്ട്രേഷൻ, ലിവിൻ റിലേഷൻ അവസാനിപ്പിക്കൽ, പിന്തുടർച്ചാവകാശം, പരാതി പരിഹാരം തുടങ്ങിയവയാണ് ഓൺലൈൻ സേവനങ്ങൾ. രണ്ടുപേരുടെ വിവാഹത്തെയോ, ലിവിൻ റിലേഷനെയോ എതിർത്ത് മൂന്നാമതൊരാൾക്ക് പരാതി നൽകാം.
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് പാസാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഗോവയിൽ പിന്തുടരുന്നത് 1867-ലെ പോർച്ചുഗീസ് സിവിൽ കോഡാണ്. ഗോവ നിയമസഭ പുതിയ നിയമം പാസാക്കിയിട്ടില്ല. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി ആവർത്തിക്കുന്നതിനിടയിലാണ് ഉത്തരാഖണ്ഡ് സർക്കാർ നീക്കങ്ങൾ വേഗത്തിലാക്കിയത്. ലിവിൻ റിലേഷൻ രജിസ്റ്റർ ചെയ്യണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾക്ക് എതിരെ വലിയ വിമർശനം ഉയർന്നിരുന്നു.