തിരുവനന്തപുരം : പ്രണയംനടിച്ച് സുഹൃത്തിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായര്‍ക്ക് 3 വര്‍ഷം തടവും വിധിച്ചു. കേസിൽ ഗ്രീഷ്‌മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്‌ച കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അഡീഷണൽ സെഷൻസ് ജഡ്‌ജി എ എം ബഷീറാണ് വിധി പ്രസ്താവിച്ചത്. രാവിലെ പത്തോടെ ഗ്രീഷ്മയെ കോടതിയിലെത്തിച്ചു. തെളിവിന്റെ അഭാവത്തിൽ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടിരുന്നു.
പാറശാലയ്‌ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനിൽ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി ‘കഷായ ചലഞ്ച്’ എന്ന വ്യാജേന കുടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14ന് ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച് അവശനായ ഷാരോൺ ചികിത്സയിലിരിക്കെ 25നാണ് മരിച്ചത്.