ബേലൂർ മഖ്നയ്ക്ക് ശേഷം വനംവകുപ്പിനു പുതിയ വെല്ലുവിളി

0
338

മാനന്തവാടി∙ ബേലൂർ മഖ്നയ്ക്ക് ശേഷം വനംവകുപ്പിനു കടുത്ത വെല്ലുവിളിയും തലവേദനയുമായി പഞ്ചാരക്കൊല്ലിയിലെ കടുവ. 2024 ഫെബ്രുവരി പത്തിനാണു മാനന്തവാടി പടമല പനച്ചിയിൽ അജീഷിനെ റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഖ്ന എന്ന കാട്ടാന വീട്ടിൽ കയറി ചവിട്ടിക്കൊന്നത്. സമാനതകളില്ലാത്ത പ്രതിഷേധം അരങ്ങേറിയതോടെ ആനയെ മയക്കുവെടി വച്ചു പിടിക്കാൻ ഉത്തരവിട്ടു. ഒരുമാസത്തോളമാണ് വനംവകുപ്പ് ബേലൂർ മഖ്നയ്ക്കു പിന്നാലെ നടന്നത്. ഒടുവിൽ ബേലൂർ മഖ്ന കർണാടക കാട്ടിലേക്കു തിരികെ പോയതോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. വനംവകുപ്പിനെ ഏറ്റവും കൂടുതൽ സമ്മർദത്തിലാക്കിയ സന്ദർഭമായിരുന്നു അത്. സമാനമായ സമ്മർദമാണ് വനംവകുപ്പ് ഇപ്പോൾ പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടിക്കാൻ നേരിടുന്നത്.

 

പഞ്ചാരക്കൊല്ലിയിലെ കടുവ വനപാലകനെ ആക്രമിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമായത്. സാധാരണ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്ന കടുവകൾ മനുഷ്യനെ ആക്രമിക്കാറില്ല. ആൾക്കൂട്ടം കാണുമ്പോൾ കടുവ ഒഴിഞ്ഞു പോകാറാണു പതിവ്. എന്നാൽ പഞ്ചാരക്കൊല്ലിയിലെ കടുവ പകൽ സമത്തു തന്നെ മനുഷ്യനെ ആക്രമിച്ചതാണ് ആശങ്ക വർധിപ്പിക്കുന്നത്. 15 പേരടങ്ങുന്ന സംഘത്തിനൊപ്പം പോവുകയായിരുന്ന ആർആർടി ഉദ്യോഗസ്ഥനായ ജയസൂര്യയെയാണ് ആക്രമിച്ചത്. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഭീതിയിലാണ്.

 

കഴിഞ്ഞ വർഷം ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള നീക്കം നടത്തുന്നതിനിടെ മഖ്ന ആർആർടി സംഘത്തിനു നേരെ ചീറിയടുത്തിരുന്നു. ചിതറി ഓടിയ വനപാലകർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. തുടരെ വെടിയുതിർത്ത് ശബ്ദമുണ്ടാക്കിയതോടെയാണ് മഖ്ന പിന്തിരിഞ്ഞത്. ഇതിനിടെ മഖ്നക്കൊപ്പം മറ്റൊരു ആനയും കൂടി ചേർന്നതോടെ വനപാലകർക്ക് ഒരു തരത്തിലും ആനയുടെ അടുത്തേക്ക് പോകാൻ സാധിക്കാത്ത സാഹചര്യമായി. ഒടുവിൽ ആന ആനയുടെ വഴിക്കു പോയി.

 

പഞ്ചാരക്കൊല്ലിയിലെ കടുവ അക്രമകാരിയാണെന്നാണു ലഭിക്കുന്ന വിവരം. കടുവ ഇതുവരെ വളർത്തുമൃഗങ്ങളെ പിടിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഒരു പട്ടിയുടെ ജഡം കണ്ടെങ്കിലും കടുവയാണോ കൊന്നതെന്ന് ഉറപ്പിക്കാനായില്ല. അതിനാൽ കടുവയുടെ പ്രധാന ലക്ഷ്യം മനുഷ്യാനാണോ എന്നാണു നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ ആശങ്ക.

LEAVE A REPLY

Please enter your comment!
Please enter your name here