വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനെത്തി; കാട്ടാനയുടെ ആക്രമണത്തിൽ ജർമൻ സ്വദേശിക്ക് ദാരുണാന്ത്യം

0
795

കോയമ്പത്തൂർ ∙ വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനായെത്തിയ ജർമൻ സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈക്കി‍ൾ (76) ആണു കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.30നു വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിലായിരുന്നു സംഭവം.

 

വനമേഖലയിൽ നിന്നെത്തിയ കാട്ടാന റോഡ് കുറുകെ കടക്കുമ്പോൾ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. മറ്റു വാഹനങ്ങളിലുള്ളവരുടെയും വനപാലകരുടെയും നിർദേശം അവഗണിച്ച് ഇദ്ദേഹം ബൈക്കിൽ മുന്നോട്ടു പോയതാണ് അപകടത്തിൽപെടാൻ കാരണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടാന റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയിൽ, പിന്നിലെത്തിയ ബൈക്കിന്റെ ശബ്ദം കേട്ടു പരിഭ്രാന്തിയിലായെന്നും പിന്തിരിഞ്ഞ് ബൈക്ക് കൊമ്പിൽ കോർത്ത് എറിയുകയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

 

ബൈക്കിൽ നിന്നു വീണ മൈക്കിൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും ആനയുടെ പിടിയിൽ അകപ്പെട്ടു. വനപാലകർ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷമാണു പരുക്കേറ്റ മൈക്കിളിനെ റോഡിൽ നിന്നു മാറ്റിയത്. ഉടൻതന്നെ വാട്ടർഫാൾ എസ്റ്റേറ്റ് ആശുപത്രിയിലും തുടർചികിത്സയ്ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here