വന്യജീവി ആക്രമണം; കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി

0
173

കല്‍പ്പറ്റ: വന്യ ജീവി ആക്രമണം സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഈ വിഷയം ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഇത് ഒരു സങ്കീര്‍ണമായ സാഹചര്യമാണ്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇനിയും സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

 

 

കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മണ്ഡലത്തിലെത്തിയത്. നാളെ തിരികെ പോകും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ഖജാന്‍ജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളിലും പ്രിയങ്ക പങ്കെടുക്കും.

 

വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് നേരത്തെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു. രാധയുടെ വീടിന്റെ പണി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ സഹായം എത്രയും പെട്ടന്ന് ചെയ്തു നല്‍കുമെന്ന് പ്രിയങ്ക വാഗ്ദാനം ചെയ്തിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചറിഞ്ഞിരുന്നു.

 

 

വന്യജീവി പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നു എന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ശ്രമിക്കും എന്നും പ്രിയങ്ക ഗാന്ധി അന്ന് വ്യക്തമാക്കിയിരുന്നു. ഫെന്‍സിങ് ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ട്. അത് പരിഹരിക്കാന്‍ ശ്രമിക്കും. പരിഹാരപദ്ധതികള്‍ നടപ്പിലാക്കും എന്നും പ്രിയങ്ക ഉറപ്പ് നല്‍കിയിരുന്നു. പദ്ധതികള്‍ നടപ്പിലാക്കാന്‍ ഫണ്ടുകളുടെ അപര്യാപ്തതയുണ്ടെന്നും അന്ന് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here