മാനന്തവാടി: വീടിന്റെ പരിസരം മണ്ണിട്ട് നികത്തലുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയോട് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. മാനന്തവാടി നഗരസഭ റവന്യു ഇന്‍സ്‌പെക്ടര്‍ എം.എം സജിത്തിനെയാണ് വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗീസും സംഘവും അറസ്റ്റ് ചെയ്തത്. തന്റെ അധികാര പരിധിയിലില്ലാത്ത കാര്യമായിട്ടു കൂടി സജിത്ത് പരാതിക്കാരനോട് 40,000 രൂപ പിഴയീടാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, അല്ലാത്ത പക്ഷം 10,000 തന്നാല്‍ ഒഴിവാക്കി വിടാമെന്നും പറഞ്ഞതായുമാണ് പരാതി. പരാതിക്കാരന്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇന്ന് മാനന്തവാടി ചെറ്റപ്പാലത്തിന് സമീപം വെച്ച് കൈക്കൂലിയായി വാങ്ങിയ 10,000 രൂപയുമായി സജിത്ത് വിജിലന്‍സിന്റെ പിടിയിലാകുകയായിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരാതിക്കാരന്‍ വഴി സജിത്തിന് നല്‍കിയ ഫിനോള്‍ഫ്താലിന്‍ പുരട്ടിയ നോട്ടുകള്‍ ഉദ്യോഗസ്ഥര്‍ സജിത്തിന്റെ കൈവശം നിന്നും കണ്ടെടുത്തു. പരാതികളുടെ പശ്ചാത്തലത്തില്‍ ഇയാളുടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി.