ശല്യം ചെയ്യുന്നതായി പരാതി നൽകി, വൈരാഗ്യത്തിൽ കടയിലിട്ട് തീകൊളുത്തി; പൊള്ളലേറ്റ യുവതി മരിച്ചു

0
805

കാസർകോട് ∙ ബേഡകത്ത് കടയിലിട്ട് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയതിനെ തുടർന്ന് തൊട്ടടുത്ത കടക്കാരനായ തമിഴ്നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീകൊളുത്തിയത്. രമിതയുടെ ദേഹത്തു തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

ഈ മാസം 8ന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന തിന്നർ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യിൽ കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവർത്തനം നടത്തിയത്. കടയ്ക്കു മുന്നിൽ നിർത്തിയിട്ട ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച രാമാമൃതത്തെ ബസ് ജീവനക്കാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും തലനാരിഴയ്ക്കാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.

 

രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയിൽ പ്രതി ഫർണിച്ചർ കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യംചെയ്യുന്നെന്ന രമിതയുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ട് ഫർണിച്ചർ കട അടപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. നേരത്തേ, ഇയാൾ രമിതയ്ക്കെതിരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here