2016ലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്? കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

0
66

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഡിവിഷന്‍ ബെഞ്ച്. ഇതിനിടെ 181 കോടി എസ് ഡി ആര്‍ എഫില്‍ ഉണ്ടെങ്കിലും മാനദണ്ഡം മാറ്റാതെ വിനിയോഗം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

 

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് ഇത്.ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേ. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 

അതേസമയം പണം റീഇമ്പേഴ്‌സ് ചെയ്യുമെന്ന് കേന്ദ്രം മറുപടി നല്‍കി. പിന്നാലെ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ 181 കോടി എസ് ഡി ആര്‍ എഫില്‍ ഉണ്ടെങ്കിലും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താതെ വിനയോഗം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here