പ്രസിദ്ധ സ്ട്രീറ്റ് ആർട്ടിസ്റ്റും ചലച്ചിത്ര സംവിധായകനുമായ ബാങ്ക്സിയുടെ ഫൊട്ടോ കണ്ടിട്ടില്ലെങ്കിലും ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ സ്ട്രീറ്റ് ആർട്ടിന്റെ ചിത്രങ്ങൾ നമ്മിൽ പലരും കണ്ടിട്ടുണ്ടാകും. ആക്ഷേപഹാസ്യം ഉൾക്കൊള്ളുന്ന സ്ട്രീറ്റ് ആർട്ടിനും എപ്പിഗ്രാമുകൾക്കും പേരുകേട്ട ബാങ്ക്സിയുടെ വരകൾ 1990 മുതലാണ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
ഇംഗ്ലണ്ടിൽ ബ്രിസ്റ്റോളിലെ കെട്ടിടങ്ങളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ച് തുടങ്ങിയ ബാങ്ക്സിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. പല ഊഹാപോഹങ്ങളും വന്നുവെങ്കിലും അവ സ്ഥിരീകരിക്കപ്പെട്ടില്ല. സ്വന്തം വ്യക്തിത്വം അതീവരഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക്സിയുടെ സൃഷ്ടികൾ ഭീകരത, രാഷ്ട്രീയ അധികാരം, മുതലാളിത്തം, ഉപഭോക്തൃ സമീപനം, യുദ്ധം, അഴിമതി തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു.
അജ്ഞാതനായി തുടരാനാഗ്രഹിച്ച ബാങ്ക്സി, കെട്ടിടങ്ങൾ, പാലങ്ങൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ തുടങ്ങിയ പൊതുഇടങ്ങളിലെ ചുവരുകളിലാണ് സാധാരണ വരച്ചിരുന്നത്. ധീരവും പലപ്പോഴും പ്രകോപനപരവുമായ ഇമേജറിയിലൂടെ ഒരു വിഷയത്തെക്കുറിച്ച് ചിന്തിക്കുവാനും ചർച്ച ചെയ്യുവാനും പ്രേരിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സൃഷ്ടിയുടെ സവിശേഷത. 1997ൽ ബ്രിസ്റ്റോളിലെ സ്റ്റോക്‌സ് ക്രോഫ്റ്റിലെ ഒരു മുൻ സോളിസിറ്റേഴ്‌സ് ഓഫിസിന്റെ പരസ്യം മറയ്ക്കുന്നതിനായി വരച്ച ‘ദ് മൈൽഡ് മൈൽഡ് വെസ്റ്റ്’ ആണ് ബാങ്ക്സിയുടെ ആദ്യത്തെ അറിയപ്പെടുന്ന വലിയ ചുവർചിത്രം. ‘ഗേൾ വിത്ത് എ ബലൂൺ’ എന്ന ചിത്രമാണ് ബാങ്ക്സിയുടെ ഏറ്റവും പ്രസിദ്ധമായ ചിത്രമായി വിലയിരുത്തപ്പെടുന്നത്.
ശ്രദ്ധിക്കപ്പെട്ടതോടെ ആരും കാണാതെ വേഗത്തിൽ വരകൾ പൂർത്തീകരിക്കാനായി സ്റ്റെൻസിൽ ഉപയോഗിക്കാൻ തുടങ്ങി. 2000കളുടെ മധ്യത്തോടെ ബാങ്ക്സി ഒരു സെലിബ്രിറ്റിയായി മാറി. ലോകമെമ്പാടുമുള്ള നഗരങ്ങളിൽ അദ്ദേഹത്തിന്റെ വര പ്രത്യക്ഷപ്പെടാൻ തുടങ്ങി. നിയമപരമായ പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ പ്രവർത്തിക്കാൻ അനുവദിക്കുകയും അപ്രതീക്ഷിത ഇൻസ്റ്റലേഷനുകൾ കൊണ്ട് പ്രേക്ഷകരെ ആശ്ചര്യപ്പെടുത്താനും ആനന്ദിപ്പിക്കാനും ബാങ്ക്സിയെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ അജ്ഞാത വ്യക്തിത്വമാണ്. അധികാരത്തെ പരിഹസിക്കുന്ന മുഖംമൂടി ധരിച്ച കലാകാരനെന്ന ഖ്യാതി ഇതിലൂടെ ബാങ്ക്സി സ്വന്തമാക്കി.
പിന്നീട് വന്ന ബാങ്ക്സിയുടെ പുതിയ ചിത്രങ്ങളുടെ അനാച്ഛാദനം പലപ്പോഴും തമാശ പ്രകടനങ്ങളായി മാറി. ഉദാഹരണത്തിന്, ഒരിക്കൽ അദ്ദേഹം സ്വന്തം ചിത്രങ്ങള്‍ രഹസ്യമായി കോട്ടിനടിയിൽ ഒളിപ്പിച്ചു കൊണ്ടുപോയി, ലണ്ടനിലെ ടേറ്റ് മോഡേൺ, പാരിസ് ലൂവ്ര് പോലുള്ള മ്യൂസിയങ്ങളിൽ വെച്ചു. 2004 ഓഗസ്റ്റിൽ, ബാങ്ക്സി ബ്രിട്ടിഷ് പൗണ്ട് നോട്ടുകൾ അനധികൃതമായി അച്ചടിക്കുക വരെ ചെയ്തു. എലിസബത്ത് രാജ്ഞിയുടെ തലയ്ക്ക് പകരം ഡയാനയുടെ തലയും “ബാങ്ക് ഓഫ് ഇംഗ്ലണ്ട്” എന്ന വാചകം “ബാങ്ക്സി ഓഫ് ഇംഗ്ലണ്ട്” എന്നുമാക്കി മാറ്റിയിരുന്നു. 2003ലെ ‘ടർഫ് വാർ’ എക്സിബിഷനിൽ, ജീവനുള്ള പന്നികളുടെ ശരീരത്തിൽ വരച്ച ബാങ്ക്സി, 2005ൽ ലണ്ടനിൽ നടന്ന ‘ക്രൂഡ് ഓയിൽസ്’ എക്സിബിഷനിൽ 200 ജീവനുള്ള എലികളെ പ്രദർശനത്തിൽ ഉൾപ്പെടുത്തി ഏവരെയും അമ്പരിപ്പിച്ചു.
ലണ്ടനിലെ സോത്ത്‌ബൈസ്, ബോൺഹാംസ് തുടങ്ങിയ ലേലസ്ഥാപനങ്ങളിൽ ബാങ്ക്സിയുടെ സ്റ്റെൻസിൽ പെയിന്റിങ്ങുകൾ റെക്കോർഡ് വിൽപന നേടി. കലയുടെ വാണിജ്യലോകത്തേക്കുള്ള ബാങ്ക്സിയുടെ നാടകീയമായ പ്രവേശനത്തെ ഈ വിജയകരമായ വിൽപ്പന അടയാളപ്പെടുത്തി. ബാങ്ക്സിയുടെ പുസ്തകങ്ങളായ ബാങ്ങിങ് യുവർ ഹെഡ് എഗെയിൻസ്റ്റ് എ ബ്രിക് വോൾ (2001), എക്‌സ്‌റ്റെൻസിലിസം (2002), വോൾ ആൻഡ് പീസ് (2005) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രോജക്ടുകളായാണ് രേഖപ്പെടുത്തുന്നത്.
.ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ ഗ്രാഫിറ്റി കലാകാരന്മാരുടെ ജീവിതത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള ഡോക്യുമെന്ററിയായ ‘എക്‌സിറ്റ് ത്രൂ ദ് ഗിഫ്റ്റ് ഷോപ്പ്’ 2010ലാണ് ബാങ്ക്സി സംവിധാനം ചെയ്തത്. അതേ വർഷം ബറാക് ഒബാമയ്ക്കും സ്റ്റീവ് ജോബ്‌സിനും ഒപ്പം ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയിൽ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
2018ന്റെ അവസാനത്തിലാണ് ഗേൾ വിത്ത് ബലൂൺ 1.4 ദശലക്ഷം ഡോളറിന് വിറ്റു പോയത് എന്നാൽ അത് പിന്നീട് ബാങ്ക്സി തന്നെ ഭാഗികമായി നശിപ്പിച്ചു. ഇത്തരത്തിൽ ഭാഗികമായി നശിപ്പിച്ച ചിത്രങ്ങൾ പോലും വമ്പന്‍ വിലയ്ക്ക് വിറ്റു പോയിട്ടുണ്ട്. ‘ലവ് ഈസ് ഇൻ ദ് ബിൻ’ എന്ന ചിത്രം 2021ൽ 25 ദശലക്ഷം ഡോളറിന് വിറ്റ്, മുൻ ലേല റെക്കോർഡ് തന്നെ ബാങ്ക്സി മറികടന്നു.
ആഗോള ഗ്രാഫിറ്റി രംഗത്ത് 30 വർഷത്തിലേറെ നീണ്ട പങ്കാളിത്തമുണ്ടായിട്ടും അദ്ദേഹത്തിന്റെ വ്യക്തിത്വം ഇന്നും അജ്ഞാതമാണ്. ഡാമിയൻ ഹിർസ്റ്റ്, ജസ്റ്റിൻ ബീബർ, സെറീന വില്യംസ്, ആഞ്ജലീന ജോളി എന്നിവരുൾപ്പെടെ നിരവധി ലോകപ്രശസ്ത അഭിനേതാക്കളും കായികതാരങ്ങളും സംഗീതജ്ഞരും കലാകാരന്മാരും ബാങ്ക്സി ആരാധകരാണ്.