പാലക്കാട്∙ കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപം യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് സ്ഥലം ഉടമ. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും മൃതദേഹങ്ങൾ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയിൽ കുഴിച്ചിടുകയായിരുന്നെന്നുമാണ് മൊഴി. സ്ഥലം ഉടമയായ അമ്പലപ്പറമ്പ് വീട്ടിൽ അനന്തൻ(52) പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടത്തിന് അയയ്ക്കും. യുവാക്കളുടെ മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ഇന്നലെ വൈകിട്ടോടെയാണ് കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്തു 2 യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് വിവരം.
ഞായറാഴ്ച രാത്രി വേനോലിയിൽ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെത്തുടർന്നു സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ 4 പേരും അമ്പലപ്പറമ്പിൽ സതീഷിന്റെ ബന്ധുവീട്ടിലെത്തിയിരുന്നു. ഇതിനിടെ, പൊലീസ് സ്ഥലത്തെത്തിയെന്നു ഭയന്ന് ഇന്നലെ പുലർച്ചെ ഇവർ ബന്ധുവീട്ടിൽ നിന്നു പാടത്തേക്കിറങ്ങിയോടി. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു ദിക്കിലേക്കുമാണ് ഓടിയത്. അഭിനും അജിത്തും പിന്നീട് വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ അഭിനും അജിത്തും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പൊലീസ് സംഘം പരിസരത്തു നടത്തിയ തിരിച്ചിലിലാണു പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയത്. മണ്ണു നീക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലമുടമയെ ചോദ്യം ചെയ്തതോടെ കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽപെട്ടാണ് ഇരുവരും മരിച്ചതെന്നു വ്യക്തമായി.