കശ്മീരിൽ യാത്രപോയി വാഹനാപകടത്തിൽ മരിച്ച ചിറ്റൂർ സ്വദേശികളായ യുവാക്കളുടെ വീടുകളിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച. മൃതദേഹത്തിനു മുകളിൽ ഒരു കൂടു ചോക്ലേറ്റ് വച്ച് ഏഴുമാസം ഗർഭിണിയായ ഭാര്യ രാഹുലിനെ യാത്രയാക്കിയത് ഒരുനാടിനെയാകെ കണ്ണീരിലാഴ്ത്തി. മരിച്ച അനിലിന്റെ രണ്ടാമത്തെ കുഞ്ഞിന് 56 ദിവസം മാത്രമാണ് പ്രായം. മരിച്ച സുധീഷ് ഏതാനും മാസങ്ങൾക്കു മുൻപാണ് വിവാഹിതനായത്.
കൂലിപ്പണി ചെയ്തും ചിട്ടി പിടിച്ചുള്ള ഫണ്ടും എല്ലാം ചേർത്താണ് എല്ലാവർഷവും നവംബർ ഡിസംബർ മാസങ്ങളിൽ ഇവർ യാത്ര പോയിരുന്നത്. മൂന്നരലക്ഷം രൂപയാണ് ഇത്തവണ യാത്രയ്ക്കായി ഇവർ സ്വരൂപിച്ചത്. കശ്മീരിൽ പോയി വരുമ്പോൾ ആപ്പിൾ കൊണ്ടുവരാമെന്ന് അയൽവാസികളോടൊക്കെ പറഞ്ഞ് സന്തോഷമായി പോയവരാണ് ചേതനയറ്റ ശരീരമായി തിരികെയെത്തിയതെന്നു നാട്ടുകാർ ഓർക്കുന്നു.
ഒരുനാടിനു മുഴുവൻ പ്രിയപ്പെട്ടവരായ ഇവർക്ക് ഏറ്റവും പ്രിയം വിജയ് സിനിമകളോടും യാത്രയോടുമാണ്. ആറുമണിയോടെ ചിറ്റൂർ ടെക്നിക്കല്‍ ഹൈസ്കൂളിൽ എത്തിച്ച ഇവരുടെ മൃതദേഹം പൊതുദർശനത്തിനുശേഷം വീടുകളിലേക്കു കൊണ്ടുപോയി. മരിച്ച നാലുപേരുടെയും സംസ്കാരചടങ്ങുകൾ ചിറ്റൂർ ശ്മശാനത്തിൽ നടന്നു.
കശ്മീരിലെ സോജില പാസിൽ കാർ കൊക്കയിലേക്കു വീണാണ് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവർ മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനുംമരിച്ചു. മനോജ് എം.മഹാദേവ്, അരുൺ കെ.കറുപ്പുസ്വാമി, രാജേഷ് കെ.കൃഷ്ണൻ എന്നിവർക്കാണു പരുക്കേറ്റത്. ഗുരുതര പരുക്കേറ്റ മനോജ് സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടു പേരും സോനാമാർഗ് സർക്കാർ ആശുപത്രിയിലാണ്. മരിച്ച രാഹുലിന്റെ സഹോദരനാണു പരുക്കേറ്റ രാജേഷ്.