പാലുകാച്ചിയത് ഒരുമാസം മുമ്പ്:കല്ല്യാണ ഒരുക്കങ്ങളും തുടങ്ങി,ചങ്ക് തകർന്ന് ശ്രുതി

0
3305

കൽപ്പറ്റ: ഒരു മാസംമുമ്പ് ചൂരൽമലയിൽ പാലുകാച്ചിയ ശ്രുതിയുടെ വീട് ഇപ്പോൾ അവിടെയില്ല. അവിടെ ഇപ്പോൾ അവശേഷിക്കുന്നത് കേരളത്തെ തന്നെ പിടിച്ചുലച്ച മഹാദുരന്തത്തിന്റെ അവശേഷിപ്പുകൾ മാത്രം. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ അച്ഛനും അമ്മയും ജീവനോടെയുണ്ടോ എന്നു പോലും ശ്രുതിക്ക് അറിയില്ല.

 

ദുരന്തത്തിൽ തന്നെ വിട്ടുപോയ അനിയത്തി ശ്രേയയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ജോലിക്കായി കോഴിക്കോടേക്ക് പോയതിനാലാണ് ശ്രുതി മഹാദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ചൂരൽമലയിലെ തുന്നൽ തൊഴിലാളിയാണ് ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ. ശ്രുതി, ശ്രേയ എന്നീ രണ്ടു പെൺമക്കളാണ് ശിവണ്ണൻ സബിത ദമ്പതിമാർക്കുള്ളത്.

ഡിസംബറിൽ ശ്രുതിയുടെ കല്യാണം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. കല്യാണത്തിനായി സ്വരുക്കൂട്ടിയ 15 പവനും നാലു ലക്ഷം രൂപയും അടക്കമാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്‌. കഴിഞ്ഞ ആഴ്‌ചയാണ് ശ്രുതി ജോലിക്കായി കോഴിക്കോട്ടേക്ക് പോയത്.

 

തിരച്ചിലിനിടയിലാണ്‌ കൽപ്പറ്റ എൻഎംഎസ്എം ഗവ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ശ്രേയയുടെ മൃതദേഹം കിട്ടിയത്. അച്ഛൻ ശിവണ്ണനും അമ്മ സബിതയ്ക്കുമായുള്ള തിരച്ചിൽ തുടരുകയാണ്. ‘കൂട്ടുകാരെ പോലെയായിരുന്നു അച്ഛനും അമ്മയും മക്കളും. മക്കളെ പഠിപ്പിച്ച്‌ നല്ലനിലയിൽ വളർത്താൻ അച്ഛൻ തുന്നൽപ്പണിക്കൊപ്പം കൽപ്പണിയുമെടുത്തു. അനിയത്തിയെ മരണം കൊണ്ടുപോയി. ഞാൻ എങ്ങനെയാണ്‌ അവളെ ആശ്വസിപ്പിക്കേണ്ടത്‌’. ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ വാക്കുകൾ ഇടറി.

LEAVE A REPLY

Please enter your comment!
Please enter your name here