‘യാരഡാ അന്ത തിരുടൻ?’; ഈ കടകളിൽ മോഷണം തുടർക്കഥ, വലഞ്ഞ് ഉടമകളും പൊലീസും

0
407

നഗരമധ്യത്തിലെ കടകളിൽ മോഷണ പരമ്പര. കടവന്ത്രയിലെ പവർഹൗസ് റോഡിൽ പ്രവർത്തിക്കുന്ന പരസ്യ ഏജൻസിയിലും താഴത്തെ നിലയിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടയിലുമാണ് ‍‍‍‍ഞായർ രാത്രി മോഷണം നടന്നത്. രണ്ടു വർഷം മുൻപും രണ്ടാഴ്ച മുൻപും പരസ്യ ഏജൻസി ഓഫിസിൽ മോഷണം നടന്നിരുന്നു. ഇത്തവണ മോഷ്ടാവിന്റെ വ്യക്തമായ ചിത്രം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മരട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു സ്ഥാപനങ്ങളുടെയും എസിയിൽ നിന്നുള്ള ചെമ്പ് പൈപ്പായിരുന്നു മോഷ്ടാവിന്റെ പ്രധാന ലക്ഷ്യം. മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ ഇതുവരെ ഏഴു തവണ മോഷണം നടന്നിട്ടുണ്ട്.

 

രണ്ട് എസികളുടെ ചെമ്പ് പൈപ്പ്, വെള്ളമെടുക്കുന്ന പൈപ്പുകൾ, സമ്മാനം നൽകാൻ പ്രിന്റ് ചെയ്തു വച്ചിരുന്ന ബാഗുകൾ തുടങ്ങിയവയാണ് രണ്ടാഴ്ച മുൻപ് മോഷ്ടിച്ചത്. സ്ഥാപന ഉടമയുടെ ടാബ് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തവണ ടാബും ചെമ്പ് പൈപ്പും പ്രിന്റ് ചെയ്ത ടി ഷർട്ടുകളും മോഷ്ടിച്ചു. ടാബ് ബാഗിൽ എടുത്തു വയ്ക്കുന്നത് അടക്കം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുകളിൽ‍ നിന്ന് ഓടുപൊളിച്ച് ഇറങ്ങിയാണ് താഴത്തെ സ്ഥാപനത്തിൽ മോഷണം നടത്തിയിരിക്കുന്നത്.

 

മോഷണം നടന്ന സ്ഥാപനത്തിന്റെ സമീപത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുള്ളതിനാൽ പ്രധാന വഴിയിലൂടെ പോകുന്നവരാരും ഇവിടെ നടക്കുന്നത് അറിയില്ല. നിരന്തരം വാഹനങ്ങൾ പോകുന്ന വഴിയായതിനാൽ, ശബ്ദമുണ്ടായാലും ആളുകളുടെ ശ്രദ്ധയിൽ പെടില്ല. കഴിഞ്ഞ തവണ വാതിലിന്റെ പൂട്ട് തകർത്താണ് കള്ളൻ അകത്തു കയറിയത്. അതിനാൽ മൂന്നു പൂട്ടുകളിട്ട് വാതിലിന് സുരക്ഷ വർധിപ്പിച്ചിരുന്നു. എന്നാൽ, മോഷ്ടാവ് മൂന്നു പൂട്ടും അടിച്ചു തകര്‍ത്ത ശേഷം ഹാൻഡിലും കുത്തിപ്പൊട്ടിച്ച് ഉപയോഗിക്കാൻ കഴിയാത്ത വിധമാക്കി.

 

കഴിഞ്ഞ തവണത്തെ മോഷണത്തിനു ശേഷം സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിരുന്നു. ഇത്തവണ 2 സിസിടിവികളിലും മോഷ്ടാവിനെ മുഖം മറച്ച നിലയിൽ കാണാം. എന്നാൽ ഒരു സിസിടിവിയിൽ മോഷ്ടാവിന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പരാതിക്കൊപ്പം സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് സ്ഥാപന ഉടമ പറഞ്ഞു. മോഷണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ പരസ്യ ഏജൻസിക്കായി പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here