കല്‍പ്പറ്റ: വയനാട് ജില്ലയിലെ വാഹന മോഷണ പരമ്പര. സംസ്ഥാനത്ത് നിന്നും വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് വാഹനങ്ങള്‍ പൊളിച്ച് വില്‍പന നടത്തുന്നവര്‍ക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനികളെ വയനാട് പോലീസ് പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി. തൊണ്ടര്‍നാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളില്‍ നിന്നും തുടര്‍ച്ചയായി പിക്ക് അപ്പ് വാഹനങ്ങള്‍ മോഷണം പോയ സംഭവത്തിലാണ് പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പോലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെയും തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപാളയം എന്നിവിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. മുന്‍ സൈനികനായ ആലപ്പുഴ, തിരുവന്‍വണ്ടൂര്‍, ഓതറേത്ത് വീട്ടില്‍ ബി. സുജേഷ്‌കുമാര്‍(44), കോഴിക്കോട് ഫറൂഖ്, കക്കാട്ട്പറമ്പില്‍ വീട്ടില്‍, അബ്ദുള്‍ സലാം(37) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി അബ്ദുള്‍ സലാമിന് മുപ്പതോളം കേസുകളും സുജേഷ്‌കുമാറിന് പത്തോളം കേസുകളുമുണ്ട്.
കമ്പളക്കാട് സ്റ്റേഷന്‍ പരിധിയിലാണ് ജില്ലയിലെ ആദ്യ പിക്ക് അപ്പ് വാഹന മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് മാസം മൂന്നിന് കമ്പളക്കാട്, അമ്പലച്ചാല്‍ എന്ന സ്ഥലത്ത് ക്വാര്‍ട്ടേഴ്‌സിന് മുമ്പില്‍ പാര്‍ക്ക് ചെയ്ത അശോക് ലെയ്‌ലാന്‍ഡ് ദോസ്ത് വാഹനമാണ് മോഷണം പോയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കമ്പളക്കാട് പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നീട്, മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലും പിക്ക് അപ്പ് മോഷണം പോയി. ജൂലൈ 13നും 14 നുമിടയിലാണ് കുന്നമ്പറ്റ ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിരുന്ന ഫോഴ്‌സ് കമ്പനിയുടെ പിക്ക് അപ്പ് മോഷണം പോയത്. മേപ്പാടി പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൂലൈ 19നും 20നുമിടയില്‍ തൊണ്ടര്‍നാട് സ്റ്റേഷന്‍ പരിധിയിലും പിക്ക് അപ്പ് മോഷണം പോയി. കോറോം, കടയങ്കല്‍ എന്ന സ്ഥലത്ത് എന്‍.എം സിമന്റ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിന്റെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര പിക്കപ്പ് വാഹനമാണ് മോഷ്ടിക്കപ്പെട്ടത്.
സമാന രീതിയിലാണ് വാഹനമോഷണങ്ങളെന്നതിനാല്‍, പിന്നില്‍ ഒരേ സംഘമാവാം എന്ന നിഗമനത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം, മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വാഹനങ്ങള്‍ തമിഴ്നാട്ടിലേക്കാണ് കടത്തിയതെന്ന് വ്യക്തമായി. തൊണ്ടര്‍നാട് എസ്.ഐ കെ. മൊയ്തു, എസ്.സി.പി.ഒ റബിയത്ത് എന്നിവര്‍ കളവ് പോയ വാഹനവും പ്രതികളേയും കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലേക്ക് തിരിക്കുകയും, തമിഴ്നാട്ടിലെ പൊളളാച്ചി, നാമ്മക്കല്‍, കോയമ്പത്തൂര്‍, മേട്ടുപാളയം എന്നീ സ്ഥലങ്ങളിലെ സിസിടിവി ക്യാമറയും വാഹനങ്ങള്‍ പൊളിച്ച് വില്‍പന നടത്തുന്ന സംഘങ്ങളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്ന്, 26.07.24 തിയ്യതി മേട്ടുപാളയം, കുറുവനൂര്‍ എന്ന സ്ഥലത്ത് വെച്ച് പിക്കപ്പ് കണ്ടെത്തുകയും ബന്തവസ്സിലെടുക്കുകയും ചെയ്തു. തുടരന്വേഷണത്തില്‍ ഒരുകൂട്ടം ആളുകള്‍ തമിഴ്നാട്ടിലേക്ക് വാഹനങ്ങള്‍ കടത്തി കൊണ്ട് വന്ന് പൊളിച്ച് വില്‍പന നടത്തുന്നവര്‍ക്ക് കൈമാറുന്നതായി കണ്ടെത്തി.
തുടര്‍ന്നാണ് സുജേഷ് കുമാറിനെ എറണാകുളത്ത് നിന്നും അബ്ദുള്‍ സലാമിനെ പാലക്കാട് നിന്നും പിടികുടുന്നത്. 29.07.24 തിയ്യതി സുജേഷ് കുമാറിന്റെയും 31.07.24 തിയ്യതി അബ്ദുള്‍ സലാമിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. സുജേഷ് കുമാറിനെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും, അബ്ദുള്‍ സലാമിനെ തൊണ്ടര്‍നാട് എസ്. െഎം.സി. പവനന്‍, സി.പി.ഒ ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘവുമാണ് പിടികൂടിയത്.ബൈക്കിലെത്തി പരിസരം നിരീക്ഷിച്ച ശേഷം വാഹനങ്ങള്‍ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. കോറോം എന്ന സ്ഥലത്ത് വാഹനം മോഷ്ടിക്കുന്നതിന് മുമ്പായി 18.07.24 തിയ്യതി അബ്ദുള്‍ സലാമും സുജേഷ്‌കുമാറും മാനന്തവാടി വന്ന് റൂമെടുത്ത് താമസിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരും ബൈക്കില്‍ വന്ന് കോറോം ടൗണിനുമുമ്പുളള സിമന്റ വാതിലുകളും മറ്റും ഉണ്ടാക്കുന്ന ഷെഡില്‍ പിക്കപ്പ് വാഹനം കണ്ടെത്. തുടര്‍ന്ന് രാത്രിയോടെ ബൈക്കില്‍ വന്ന് കള്ള താക്കോല്‍ ഉപയോഗിച്ച് വാഹനം മോഷണം നടത്തുകയായിരുന്നു. തുടര്‍ന്ന്, സുജേഷ് പിക്കപ്പിലും സലാം ബൈക്കിലുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു.
മേപ്പാടി കുന്നമ്പറ്റ ഗ്രൗണ്ടിന് സമീപത്ത് നിന്നും മോഷണം പോയ പിക്ക് അപ്പ് വാഹനം പാലക്കാട് നിന്നും 16.08.2024 തീയതി കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച സ്പ്‌ളണ്ടര്‍ ബൈക്കും കണ്ടെടുത്തു. ഈ ബൈക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും മോഷണം പോയതാണ്. കമ്പളക്കാട് നിന്നും മോഷ്ടിക്കപ്പെട്ട വാഹനം കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടരുന്നു.മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.എസ്. അജേഷ്, എസ്.ഐ ഹരീഷ് കുമാര്‍, എ.എസ്.ഐ നൗഷാദ്, സീനിയര്‍ സി.പി.ഒമാരായ പി.എം. താഹിര്‍, ജിമ്മി ജോര്‍ജ്, എം. ബിജു, സി.പി.ഒ ഷിന്റോ ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.