കരിവെള്ളൂരിലെ പലിയേരി ഗ്രാമം വിറങ്ങലിച്ച ദിവസം ആയിരുന്നു ഇന്നലെത്തേത്. മാങ്ങാട്ടുപറമ്പ് കെഎപിയിലെ സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ(35)യെ ഭർത്താവ് കെ.രാജേഷ് വീട്ടിൽ കയറി വെട്ടിക്കൊന്നത് ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു.
രാത്രി ഏറെ വൈകിയും വീടിന് മുന്നിൽ നാട്ടുകാർ തടിച്ചുകൂടി. ഉറക്കമൊഴിഞ്ഞ് പഠിച്ചാണ് ദിവ്യശ്രീ ജോലി നേടിയത്. നിലവിൽ ചന്തേര പൊലീസ് സ്റ്റേഷനിൽ താൽക്കാലിക ചുമതല വഹിക്കുകയായിരുന്നു. 2 മാസം മുൻപ് ദിവ്യശ്രീയുടെ അമ്മ മരണപ്പെട്ടപ്പോഴും മറ്റു ദിവസങ്ങളിലും രാജേഷ് ഇവരുടെ വീട്ടിൽ വന്ന് മനഃപൂർവം ബഹളം വച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചതായി നാട്ടുകാർ പറയുന്നു.
ദിവ്യശ്രീ പോയതോടെ ഏഴാം ക്ലാസുകാരനായ ഏക മകൻ തനിച്ചായി. വളരെ സൗമ്യമായാണ് ദിവ്യശ്രീ നാട്ടുകാരോട് ഇടപഴകിയിരുന്നത്. പലർക്കും സംഭവം വിശ്വസിക്കാൻ കഴിഞ്ഞില്ല. നാടിനെ നടുക്കിയ ദുരന്തവാർത്ത കേട്ട സമീപത്തെ വീടുകളിലെ ആളുകൾ ഭക്ഷണം പോലും കഴിക്കാതെയാണ് ഇന്നലെ കഴിഞ്ഞുകൂടിയത്.
കുടുംബപ്രശ്നത്തെത്തുടർന്ന് ദിവ്യശ്രീ രാജേഷിന്റെ അടുത്തുനിന്നും മാറിയാണ് താമസിച്ചിരുന്നത്. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഭർത്താവ് കൊഴുമ്മൽ സ്വദേശി കെ.രാജേഷിനെ പൊലീസ് പിന്നീടു ബാറിൽനിന്നു പിടികൂടി. രാജേഷിന്റെയും ദിവ്യശ്രീയുടെയും വിവാഹമോചനക്കേസ് ഇന്നലെ കണ്ണൂർ കോടതി പരിഗണിച്ചിരുന്നു. ദിവ്യശ്രീ പിതാവിനൊപ്പമാണു താമസം. വൈകിട്ട് അഞ്ചരയോടെ ബൈക്കിൽ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും തുടർന്ന് വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് കെ.വാസുവിനും വെട്ടേറ്റു. നിലവിളിയോടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നിൽ കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ദിവ്യശ്രീയെ രക്ഷിക്കാനായില്ല. ഇതിനിടെ പ്രതി ബൈക്ക് ഉപേക്ഷിച്ചു സ്ഥലംവിട്ടു. രാജേഷ് മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.
രാത്രിയോടെ കണ്ണൂർ പുതിയതെരുവിലെ ബാറിൽനിന്നാണ് വളപട്ടണം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവ്യശ്രീയുടെ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്: പരേതയായ പി.പാറു (റിട്ട.ജില്ലാ നഴ്സിങ് ഓഫിസർ). മകൻ: ആഷിഷ് (ഏഴാം ക്ലാസ് വിദ്യാർഥി). സഹോദരി: പ്രവിത (മാനേജർ, എസ്ബിഐ)