തിരുവനന്തപുരം
‘ലൈസൻസ് പുതുക്കലിന്റെ പിഴത്തുക കുറച്ച സർക്കാർ നടപടി ഏറെ ആശ്വാസകരമാണ്. നാളുകളായുള്ള ആവശ്യത്തിനാണ് അനുകൂല തീരുമാനമുണ്ടായത്. ചെടുകിട, ഇടത്തരം വ്യാപാരികൾക്ക് ഇത് ഏറെ സഹായകമാകും’– ചാലയിലെ വ്യാപാരി ആദർശ് ചന്ദ്രൻ പറഞ്ഞു.
നഗരസഭ പരിധിയിൽ ലൈസൻസ് പുതുക്കലിനുള്ള പിഴ വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യാപാരമേഖലയ്‌ക്കുള്ള കൈത്താങ്ങാണ്. നിലനിന്ന നിരക്കുകളിലെ അശാസ്ത്രീയത വ്യാപാരികളും വ്യവസായികളും സംരംഭകരും ദീർഘകാലമായി ഉന്നയിച്ചിരുന്നു. തദ്ദേശ അദാലത്തുകളിലും ഇതു സംബന്ധിച്ച് പരാതിയുണ്ടായി. ഇക്കാര്യം ഗൗരവമായി പരിഗണിച്ച തദ്ദേശവകുപ്പ് പിഴത്തുക മുപ്പതിൽ ഒന്നായി കുറയ്‌ക്കുകയായിരുന്നു.
വാടകയ്‌ക്കും മറ്റും വ്യാപാരമോ മറ്റു സംരംഭങ്ങളോ നടത്തുന്നവർ ലൈസൻസ് പുതുക്കലിന് അപേക്ഷിക്കുമ്പോൾ വാടകക്കരാറിനൊപ്പം കെട്ടിട ഉടമയുടെ സമ്മതപത്രംകൂടി നൽകണം. വാടക സംബന്ധമായ തർക്കങ്ങളുടെ പേരിൽ ഉടമകൾ സമ്മതപത്രം നൽകാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഇതോടെ യഥാസമയം ലൈസൻസ് പുതുക്കാൻ വ്യാപാരികൾക്ക് കഴിയാതെ വരികയും വലിയ പിഴ അടയ്‌ക്കാൻ നിർബന്ധിതരാകുകയും ചെയ്‌തിരുന്നു.
ലൈസൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ കെ സ്‌മാർട്ട് വഴിയാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിൽ കയറിയിറങ്ങാതെ തന്നെ കാര്യങ്ങൾ നടത്താനാകും. കൂടാതെ ലൈസൻസ് പുതുക്കുന്നതിനുള്ള കാലയളവ് ഒരുവർഷം എന്നത് അഞ്ചുവർഷം വരെയാക്കിയും സർക്കാർ ദീർഘിപ്പിച്ചിരുന്നു. പിഴ കൂടാതെ ലൈസൻസ് പുതുക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചും ഉത്തരവിറക്കി.
കേരളത്തിലെ പതിനായിരക്കണക്കിന് വ്യാപാരികൾക്ക് ഗുണകരമാകുന്നതാണ് സർക്കാർ തീരുമാനമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു പറഞ്ഞു.