എടിഎം കവർച്ചാസംഘത്തെ പിടികൂടി തമിഴ്നാട് പൊലീസ്; ഏറ്റുമു‌ട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

0
1001

നാമക്കൽ (തമിഴ്‌നാട്) ∙ തൃശൂരിലെ എടിഎം കവർച്ചാസംഘം പിടിയിൽ. തമിഴ്നാട്ടിലെ നാമക്കലിൽ കുമാരപാളയത്തുവച്ച് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പിടിയിലായവർ. മോഷ്ടിച്ച പണവുമായി കണ്ടെയ്നറിലാണ് സംഘം യാത്ര ചെയ്തിരുന്നത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവർച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു പൊലീസുകാരനു പരുക്കേറ്റു.

 

മോഷണസംഘം സഞ്ചരിച്ച കണ്ടെയ്നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതോടെ നാമക്കൽ പൊലീസ് കണ്ടെയ്നർ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എടിഎമ്മിൽനിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. തൃശൂരിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെയാണ് എടിഎമ്മുകൾ കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കൊള്ള. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് സംഭവം.

കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്. മാപ്രാണത്തുനിന്ന് 30 ലക്ഷം, കോലഴിയിൽനിന്ന് 25 ലക്ഷം, ഷൊർണൂർ റോഡിലെ എടിഎമ്മിൽനിന്ന് 9.5 ലക്ഷം എന്നിങ്ങനെയാണ് കവർന്നത്. വെള്ള കാറിലാണ് സംഘമെത്തിയതെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കവർച്ചയ്ക്ക് ശേഷം ദേശീയപാതയിലേക്ക് കടന്ന് കാറും പണവും ഉൾപ്പെടെ കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു എന്നാണ് സൂചന. തൃശൂരിലെ അതിർത്തികളിലെല്ലാം കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here