ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

0
414

ഖത്തറിൽ താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു.കോഴിക്കോട് ചേളന്നൂർ സ്വദേശി ഷഫീഖ് (36) ആണ് മരിച്ചത്.താമസ സ്ഥലത്തെ അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് അബോധാവസ്ഥയിലായതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. കാക്കുകുഴിയിൽ ചെത്തിൽ ഉമ്മറിന്റെയും ഖദീജയുടെയും മകനാണ്.

 

ഈ മാസം 19നായിരുന്നു റയ്യാനിൽ ഷഫീഖ് താമസിച്ചിരുന്ന വില്ലയിലെ തൊട്ടടുത്ത മുറിയിൽ ഷോർട്സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് – സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുന്ന ഷഫീഖ് ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു അപകടം. തൊട്ടടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മുറിയിലേക്കെത്തിയ പുക ശ്വസിച്ച് ഉണർന്ന ഷഫീഖ് ഉടൻ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചെങ്കിലും പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. പകൽ സമയമായതിനാൽ വില്ലയിലെ മറ്റുള്ളവരെല്ലാം ഡ്യൂട്ടിയിലായിരുന്നു.

 

തുടർന്ന് സിവിൽ ഡിഫൻസ് വിഭാഗം എത്തി വാതിൽ തുറന്നാണ് അകത്തു പ്രവേശിച്ചത്. ബോധരഹിതനായ നിലയിൽ കണ്ടെത്തിയ ഷഫീഖിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു ദിവസത്തോളം വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.

 

ഒൻപതു വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ ഷെഫീഖ് ഒരു വർഷം മുൻപാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഒക്ടോബർ അഞ്ചിന് വീണ്ടും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് കാത്തിരിക്കെയാണ് ദുരന്തം.

 

ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് സംസ്കര സമിതി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ബുസൈറ. രണ്ടു മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here