ബലാത്സംഗത്തിനു ശേഷം കഴുത്ത് ഞെരിച്ച് കൊന്നു; പ്രതി 10 വർഷത്തിനു ശേഷം പിടിയിൽ

0
452

ലക്നൗ∙ 10 വർഷത്തിലേറെയായി ഒളിവിലായിരുന്ന ബലാത്സംഗ കേസ് പ്രതി രൺധൗൾ (48) അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നിന്ന് ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒക്‌ടോബർ ഒന്ന് മുതൽ 6 ദിവസത്തോളം രൺധൗളിന്റെ ചലനങ്ങൾ സ്പെഷൽ സെൽ നിരീക്ഷിക്കുകയായിരുന്നു. യുപിയിലെ ലുഹാരി ഗ്രാമത്തിലുള്ള ഇയാളുടെ വീടിനു സമീപം വൈകിട്ട് നാലിനും അഞ്ചിനുമിടയിൽ പ്രതി എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് കെണിയൊരുക്കിയത്.

 

2014ൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഡൽഹിയിലെ സഞ്ജയ് വാൻ എന്ന പ്രദേശത്ത് ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ഇയാൾ. 2014 ഓഗസ്റ്റ് 8ന് വസന്ത്കുഞ്ച് നോർത്ത് പൊലീസ് സ്റ്റേഷനിൽ രൺധൗളിനും കൂട്ടാളിയായ മനോജ് സിങ്, രാം സിങ് എന്നിവർ‌ക്കും എതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ‌ഇവർ ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.

 

എഫ്ഐആർ റജിസ്റ്റർ ചെയ്ത ദിവസം മുതൽ രൺധൗൾ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പട്യാല ഹൗസ് കോടതി ഇയാളെ 2015ൽ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു. ഡൽഹിയിലും ഉത്തർപ്രദേശിലുമായി കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകശ്രമം എന്നിവയുൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് ‌സ്പെഷൽ സെൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അമിത് കൗശിക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here