മാനന്തവാടി: കേരള ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയില്‍ വരുന്ന കുറുവാദ്വീപ് ഒക്ടോബര്‍ 15 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ അറിയിച്ചു.
കുറുവാദ്വീപില്‍ മുതിര്‍ന്നവര്‍ക്ക് 220/-രൂപയും, വിദ്യാര്‍ത്ഥികള്‍ക്ക് 150/- രൂപയും വിദേശികള്‍ക്ക് 440/-രൂപയുമാണ് പ്രവേശന ഫീസ് (18% GST ഉള്‍പ്പടെ). ഒരു ദിവസം അനുവദിച്ച പരമാവധി സന്ദര്‍ശകരുടെ എണ്ണം 400 ആണ്്. പാക്കം ചെറിയമല ഭാഗത്തുകൂടി 200 പേരെയും, പാല്‍വെളിച്ചം ഭാഗത്തുകൂടി 200 പേരെയുമാണ് ഒരു ദിവസം അനുവദിക്കുകയുള്ളൂ.
നിലവില്‍ പാല്‍വെളിച്ചം ഭാഗത്ത് കൂടിയുള്ളവരെ പ്രവേശിപ്പിക്കുവാന്‍ ഡിറ്റിപിസി യുടെ ചങ്ങാടങ്ങളാണ് ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍ ദ്വീപിന്റെ നിയന്ത്രണം വനംവകുപ്പ് ഏറ്റെടുക്കേണ്ട പശ്ചാത്തലത്തില്‍ ഇത്തരം ചങ്ങാടങ്ങളിലെ തൊഴിലാളികളെ വനംവകുപ്പ് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തേക്കും. കൂടാതെ ഡിറ്റിപിസിയുടെ ചങ്ങാടങ്ങള്‍ക്ക് നിശ്ചിത വാടക നിശ്ചയിച്ച് അത് നല്‍കാനുമാണ് വനംവകുപ്പിന്റെ തീരുമാനം. എന്നാല്‍ പാല്‍വെളിച്ചം ഭാഗത്ത് കൂടി സഞ്ചാരികളെ ഏതുവിധേനെ കയറ്റുമെന്നതുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് ഡിറ്റിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുമായി നടക്കുന്ന ചര്‍ച്ചയിലേ അന്തിമ തീരുമാനം വരികയുള്ളു.
കുറുവ കൂടാതെ ചെമ്പ്രാ പീക്ക് ട്രക്കിംഗ്, സൂചിപ്പാറ വെളളച്ചാട്ടം, ബാണാസുരമല-മീന്‍മുട്ടി വെള്ളച്ചാട്ടം, കാറ്റുക്കുന്ന്-ആനച്ചോല ട്രക്കിംഗ് എന്നീ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദീപ.കെ ഐ.എഫ്.എസ് -ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായും സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത്ത്.കെ.രാമന്‍ അറിയിച്ചു.