മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി.ചെയ്തുകുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. ഹർജിയിൽ കെ സുരേന്ദ്രന് കോടതി നോട്ടീസ് അയച്ചു. മഞ്ചേശ്വരം കോഴക്കേസില്‍ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ബിജെപി യും സിപിഐഎമ്മും ഒത്തുകളിച്ചാണ് മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് സിആര്‍പിസി വ്യവസ്ഥ ചെയ്യുന്നതെങ്കിലും 2021 മാര്‍ച്ച് 21 ന് നടന്ന സംഭവത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് 2023 ഒക്ടോബര്‍ ഒന്നിനായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി.