വീട് നിർമ്മിച്ചു കൊടുക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ വാങ്ങി വീട് പണിതു നൽകാതെ ഒളിവിൽ പോയ കോൺട്രാക്ടറെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചന്ദ്രനഗർ കോളനി അൻവർ മൊയ്തീൻ (50 ) ആണ് അറസ്റ്റിലായത്. ബത്തേരി സ്റ്റേഷനിൽ പ്രതിക്കെതിരെ സമാനമായ രണ്ട് തട്ടിപ്പ് കേസുകൾ ഉണ്ട്.
കേണിച്ചിറ, വേലിയമ്പം എന്നിവിടങ്ങളിൽ വീട് പണിയുന്നതിന് രണ്ടു പേരിൽ നിന്നായി ഇരുപത്തിരണ്ടു ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ആഡംബര ജീവിതം നയിച്ചിരുന്ന ഇയാൾ നല്ല പെരുമാറ്റം കൊണ്ടും, സംസാരരീതി കൊണ്ടും ആളുകളെ വീഴ്ത്തിയാണ് അഡ്വാൻസ് ആയി ലക്ഷക്കണക്കിന് രൂപ മുൻകൂറായി കൈപ്പറ്റി മുങ്ങിയത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതി പാലക്കാട്ടേക്ക് രഹസ്യമായി വരുന്നതിനിടെയാണ് പിടിയിലായത്. പ്രതി തട്ടിയെടുത്ത പണം ഉപയോഗിച്ചു നടത്തിയ ഇടപാടുകളെക്കുറിച്ചും നിക്ഷേപിച്ച പണം കണ്ടെത്തുന്നതിനും കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.കേണിച്ചിറ എസ്.ഐ ശിവാനന്ദൻ, പോലീസുദ്യോഗസ്ഥരായ ഇസ്ഹാഖ്, വിൽസൺ, ബത്തേരി സ്റ്റേഷനിലെ രജീഷ്, ഷെമ്മി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.