ഗൊരഖ്പുർ∙ ഉത്തർപ്രദേശിലെ ഗൊരഖ്‌പുരിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വിഡിയോകൾ ടെലഗ്രാമിലൂടെ വിറ്റ സംഭവത്തിൽ 17 വയസ്സുകാരനെ അറസ്റ്റ് ചെയ്തു. ടെലഗ്രാം ആപ്പിലൂടെ നാലായിരത്തിലേറെ വിഡിയോകളാണ് വിറ്റതെന്നു പൊലീസ് കണ്ടെത്തി. ഒരു വിഡിയോയ്ക്ക് 3000 രൂപ വീതമാണ് ഈടാക്കിയിരുന്നതെന്നും സീനിയർ പൊലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ പറഞ്ഞു.
ടെലഗ്രാം വഴി തന്നെയാണ് പ്രതിക്ക് വിഡിയോകൾ ലഭിച്ചിരുന്നത്. രാജ് എന്ന ഒരു വിതരണക്കാരനാണ് ഈ വിഡിയോകൾ അയച്ചിരുന്നതെന്നും ഓരോ വിഡിയോയും വിൽക്കുമ്പോൾ പ്രതിക്ക് 30 ശതമാനം കമ്മിഷൻ ലഭിച്ചിരുന്നെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. ഒരു സന്നദ്ധ സംഘടനയിൽനിന്ന് ഗൊരഖ്‌പുരിലെ സൈബർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സംഘാംഗത്തെ വലയിലാക്കിയത്.
വ്യാഴാഴ്ചയാണ് കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്ത് മൊബൈൽ ഫോൺ പിടിച്ചെടുത്തത്. നെക്കോഗ്രാം മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടെലഗ്രാം വഴിയുമാണ് ഇത്തരം വിഡിയോകൾ വിതരണം ചെയ്തിരുന്നത്. 3000 രൂപ മുതൽ 20,000 രൂപവരെ വിഡിയോകൾക്ക് ഈടാക്കിയിരുന്നെന്നും പ്രതി കുറ്റസമ്മതം നടത്തി. പേയ്‌മെന്റ് ലഭിച്ചശേഷം തുകയുടെ ഭൂരിഭാഗവും ‘രാജ്’ എന്നയാളിനാണ് അയച്ചിരുന്നത്. പ്രതി ആർക്കൊക്കെയാണ് ഇത്തരം വിഡിയോകൾ വിതരണം ചെയ്തിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ സൈബർ പൊലീസ് പരിശോധിക്കുകയാണ്.