കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. രണ്ട് സ്ത്രീകളാണ് ജീവനക്കാരനെ ആക്രമിച്ചതെന്ന് എഫ്ഐആർ. കണ്ണിൽ മുളകുപൊടി വിതറിയ ശേഷം എഴുപത്തി രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ കവർന്നു എന്നാണ് യുവാവിന്റെ പരാതി.
ഇന്നലൊണ് ATM കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ചാണ് യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നത്. ആദ്യം നഷ്ടമായത് 25 ലക്ഷം രൂപ ആണെന്ന് പറഞ്ഞിരുന്നുവെങ്കിലും 72, 40, 000 രൂപ നഷ്ടപ്പെട്ടു എന്നാണ് എഫ്ഐആറിൽ.
പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പയ്യോളി സ്വദേശി സുഹൈലിന്റെ പരാതിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തത്. യാത്രയ്ക്കിടെ പർദ്ദ ധരിച്ച രണ്ടുപേരിൽ ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണു എന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
ഫോറൻസിക് സംഘവും, വിരൽ അടയാള വിദഗ്ധരും പണം തട്ടിയ സ്ഥലത്തും യുവാവിനെ ഉപേക്ഷിച്ച സ്ഥലത്തും പരിശോധന നടത്തി. യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതിനാൽ കേസിലെ ദുരൂഹത കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.