കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കിയെങ്കിലും അദ്ദേഹത്തെ വിടുതൽ ചെയ്യുന്നത് കലക്ടർ 10 ദിവസം വൈകിപ്പിച്ചു. ശ്രീകണ്ഠപുരത്തെ പെട്രോൾ പമ്പിന് അന്തിമ എൻഒസി ലഭിച്ചത് ഇക്കാലയളവിലുമാണ്.
നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചും ഉയർന്ന ആരോപണങ്ങളെക്കുറിച്ചും ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യവും പരിശോധിക്കും.
നവീൻ ബാബുവിനെ പത്തനംതിട്ട എഡിഎമ്മായി സ്ഥലംമാറ്റി റവന്യു വകുപ്പ് ഉത്തരവിറക്കിയത് ഒക്ടോബർ 4ന് ആണ്. 4 ഡപ്യൂട്ടി കലക്ടർമാരെക്കൂടി ഈ ഉത്തരവു പ്രകാരം മാറ്റിയിരുന്നു. കണ്ണൂരിലെ ഇലക്‌ഷൻ വിഭാഗം ഡപ്യൂട്ടി കലക്ടറുടെ സ്ഥാനത്തെ ഒഴിവിലേക്ക് സീനിയർ തഹസിൽദാർക്കു സ്ഥാനക്കയറ്റവും ഇതോടൊപ്പം നൽകി.
സ്ഥലംമാറ്റ ഉത്തരവിറങ്ങിയെങ്കിലും, പകരം ആൾ എത്തിയ ശേഷം വിടുതൽ ചെയ്യാമെന്നായിരുന്നു കണ്ണൂർ കലക്ടറുടെ നിലപാട്. സ്ഥലംമാറ്റം ഉടനടി നടപ്പാക്കണമെന്നും ഇതു സംബന്ധിച്ച് ലാൻഡ് റവന്യു കമ്മിഷണറും അതത് കലക്ടർമാരും 10 ദിവസത്തിനകം റവന്യു വകുപ്പിനു റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായ നടപടികളാണു, പക്ഷേ സംഭവിച്ചത്. ഒടുവിൽ കലക്ടർ വിടുതൽ നൽകുകയും യാത്രയയപ്പു യോഗം നടക്കുകയും ചെയ്തത് 14ന് ആണ്
.പിറ്റേന്നു രാവിലെ നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. അതേസമയം, ജോയിന്റ് കമ്മിഷണർ എ.ഗീത അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു വകുപ്പിനോടും മന്ത്രിയോടും കൂടുതൽ സമയം തേടി. ഫയലുകളുടെ വിശദപരിശോധനയും വിവിധ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരശേഖരണവും നടത്തിവരികയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയിൽനിന്നു വിവരങ്ങൾ തേടാൻ കഴിഞ്ഞിട്ടുമില്ല.