കണ്ണൂർ ∙ ഈ മാസം 14നു രാത്രിയുള്ള മലബാർ എക്സ്പ്രസ് ട്രെയിനിലാണ് എഡിഎം നവീൻ ബാബു നാട്ടിലേക്കു യാത്രയ്ക്കു ടിക്കറ്റ് എടുത്തത്. രാത്രി 8.55നാണ് ട്രെയിൻ കണ്ണൂർ വിടുക. അന്നു രാത്രി 8 മണിവരെ എഡിഎം റെയിൽവേ സ്റ്റേഷന്റെ സമീപമേഖലയിൽ ഉണ്ടായിരുന്നു. എന്നാൽ, സ്റ്റേഷനിലേക്കോ പ്ലാറ്റ്ഫോമിലേക്കോ എത്തിയില്ല.
എസി കംപാർട്മെന്റിൽ ബി1 കോച്ചിൽ 17–ാം നമ്പർ ബെർത്തായിരുന്നു നവീൻ ബാബുവിന്റേത്. ചെങ്ങന്നൂരിലേക്കുള്ള ടിക്കറ്റ് എമർജൻസി ക്വോട്ടയിൽ (ഇക്യു) ആയിരുന്നു. ട്രെയിൻ അന്ന് 12 മിനിറ്റ് വൈകി. കണ്ണൂർ വിട്ട ഉടൻ ടിടിഇ എത്തി പരിശോധിച്ചപ്പോൾ ബെർത്തിൽ യാത്രക്കാരനില്ല. റിസർവ് ചെയ്ത യാത്രക്കാർ ഇല്ലെങ്കിൽ 2 സ്റ്റേഷൻ പിന്നിടുമ്പോഴാണ് ബെർത്ത് മറ്റുള്ളവർക്ക് അലോട്ട് ചെയ്യുക. അന്ന് ട്രെയിൻ 4 സ്റ്റേഷൻ പിന്നിട്ട് കോഴിക്കോട് എത്തിയപ്പോഴാണ് ഈ ബെർത്ത് ആർഎസി പട്ടികയിലെ 23–ാം നമ്പർ യാത്രക്കാരന് അനുവദിച്ചത്.
യാത്രയയപ്പു യോഗത്തിനുശേഷം വൈകിട്ട് 6 മണിയോടെയാണ് എഡിഎമ്മിനെ ഡ്രൈവർ റെയിൽവേ സ്റ്റേഷന് 290 മീറ്റർ അകലെ മുനീശ്വരൻ കോവിലിനു സമീപം ഇറക്കുന്നത്. കാസർകോട്ടുനിന്ന് സുഹൃത്ത് വരാനുണ്ടെന്നും അവിടെ ഇറക്കിയാൽ മതിയെന്നും എഡിഎം നിർദേശിക്കുകയായിരുന്നു. തുടർന്ന് ഒന്നേമുക്കാൽ മണിക്കൂറോളം അദ്ദേഹം പരിസരത്തു തന്നെ ഉണ്ടായിരുന്നുവെന്നാണ് മൊബൈൽ സിഗ്നൽ പരിശോധിച്ചപ്പോൾ മനസ്സിലായത്. റെയിൽവേ സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ പുറത്തുപോകുന്നത് രാത്രി ഏകദേശം 8 മണിയോടെയാണ്.