കേരള പൊലീസ് അക്കാദമിയിൽ നായകളെ വാങ്ങിയതിൽ ക്രമക്കേട്

0
87

കേരള പൊലീസ് അക്കാദമിയിൽ നായകളെ വാങ്ങിയതിലും പരിപാലിക്കുന്നതിലും ക്രമക്കേടെന്നു വിജിലൻസ്.ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ ഡോഗ് സ്‌ക്വഡ് നോഡൽ ഓഫീസർ എ.എസ് സുരേഷിനെ സസ്‌പെൻഡ് ചെയ്തു. നായകളെ വാങ്ങിയത് വൻ വിലയ്ക്കാണെന്നും ഭക്ഷണവും മരുന്നും വാങ്ങിയതിൽ ക്രമക്കേട് നടന്നുവെന്നും വിജിലൻസ് കണ്ടെത്തി.

 

വിജിലൻസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സ്റ്റേറ്റ് ഡോഗ് ട്രയിനിങ് സെന്റർ നോഡൽ ഓഫീസർ എ.എസ്.സുരേഷ് പ്രത്യേക താത്പര്യമെടുത്ത് അക്കാദമിയിലെ നായകളെ ചികിത്സിക്കുന്നതിനു ജില്ലാ ലാബ് ഓഫിസറെ നിയോഗിച്ചു. തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തിൽനിന്ന് നായകൾക്ക് ഭക്ഷണം വാങ്ങുന്നതിന് നിർദേശം നൽകി. നായ്കുട്ടികളെ വൻവില കൊടുത്താണ് പഞ്ചാബിൽനിന്നും രാജസ്ഥാനിൽനിന്നും വാങ്ങിയത്. മറ്റു സേനകൾ വാങ്ങുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ് നായകളെ വാങ്ങിയത്.

 

125 നായകളെ പരിശീലിപ്പിക്കാനുള്ള സൗകര്യം പൊലീസ് അക്കാദമിയിൽ ഉണ്ടായിരിക്കേ താരതമ്യേന സൗകര്യമില്ലാത്ത കുട്ടിക്കാനം പോലുള്ള ക്യാംപുകളിൽ നായകളെ പരിശീലിപ്പിക്കുന്നതായും വിജിലൻസിന്റെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തി. സുരേഷ് സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിജിലൻസിനു അനുമതി നൽകിയതിനൊപ്പം, എ.എസ്.സുരേഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു സർക്കാർ ഉത്തരവിറക്കി.

LEAVE A REPLY

Please enter your comment!
Please enter your name here