വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകളാണ് പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനാണ് ഈ വസ്തുക്കള്‍ എന്ന് കിറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
കോണ്‍ഗ്രസിന്റെ തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശികുമാറിന്റെ വീടിനോട് ചേര്‍ന്നാണ് കിറ്റുകള്‍ സൂക്ഷിച്ചിരുന്നത്. വയനാടിനെ ബാധിച്ച ദുരന്തത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് ഒപ്പം നില്‍ക്കുന്നു എന്ന് കൂടി കിറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. കിറ്റുകള്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കാനാണ് എത്തിച്ചതെന്നും തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും പറഞ്ഞ് കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതേ വാദം കോണ്‍ഗ്രസിനെ തന്നെ വെട്ടിലാക്കുന്നുണ്ട്. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയാണെന്ന് ട്വന്റിഫോര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസെത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ദുരന്തബാധിതര്‍ക്ക് നല്‍കാന്‍ മുന്‍പെത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നാണ് ഇടതുപക്ഷത്തിന്റെ ആക്ഷേപം.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവിധ കോളനികളിലേക്ക് കിറ്റുകള്‍ കോണ്‍ഗ്രസ് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. പൊലീസിന്റേയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പ്രതികരിച്ചു.