ബേക്കൽ ∙ പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണവും വീട്ടിൽ നിന്നു മൂന്നര കോടിയിലേറെ രൂപയുടെ സ്വർണാഭരണങ്ങൾ കാണാതായെന്ന ആരോപണവും അന്വേഷിക്കുന്ന അന്വേഷിക്കുന്ന പ്രത്യേക സംഘം കാസർകോട് നഗരത്തിലെ പ്രമുഖ വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാനൊരുങ്ങുന്നു. നേരത്തെ മൊഴി നൽകിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് അന്വേഷണ സംഘം വ്യാപാരികളുടെ മൊഴിയെടുക്കാനെത്തുന്നത്. ഇതിന്റെ ഭാഗമായി ഒരു വ്യാപാരിയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി.
മറ്റുള്ളവരുടെ മൊഴികളും ഉടൻതന്നെ ശേഖരിച്ചേക്കുമെന്നാണ് സൂചന. 4 കിലോയിലേറെ തൂക്കമുള്ള (596 പവൻ) സ്വർണാഭരണങ്ങൾ ആരുടെ കയ്യിൽ എത്തിയെന്ന ചോദ്യത്തിനുള്ള ഉത്തരം കേസന്വേഷണത്തിൽ നിർണായകമാകും. പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്മയിൽ എം.സി.അബ്ദുൽ ഗഫൂറിനെ (55) 2023 ഏപ്രിൽ 14നു പുലർച്ചെയാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയത്തെ ബന്ധുവീട്ടിലായിരുന്നുവെന്നു പൊലീസിൽ നൽകിയ മൊഴിയിലും പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്.
*അന്വേഷണം നിർണായക ഘട്ടത്തിൽ*
പുതുതായി രൂപികരിച്ച അന്വേഷണ സംഘം ഈ കേസുമായി ബന്ധപ്പെട്ടു ഇതുവരെ നാൽപതോളം പേരെ ചോദ്യം ചെയ്തു എന്നാണറിയുന്നത്. 2023 ഏപ്രിൽ 14ന് ശേഷം ഗൾഫിലേക്കു കടന്ന ചിലരെ തിരികെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്. മരണത്തിലും ആഭരണങ്ങൾ കാണാതായതിന്റെ പിന്നിലും ദുർമന്ത്രവാദം നടത്തുന്ന മാങ്ങാടിനടുത്തെ ഒരു യുവതിയും ഇവരുടെ പങ്കാളിയായ യുവാവിനെയും സംശയിക്കുന്നതായാണ് മകൻ നൽകിയ പരാതിയിലുള്ളത്. ദുർമന്ത്രവാദിനിയുടെ സഹായികളായ മധുർ, പൂച്ചക്കാട് സ്വദേശിനികളായ 2 സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം കഴിഞ്ഞാഴ്ച ചോദ്യം ചെയ്തത്. കേസിന്റെ വഴിത്തിരിവിലേക്കു നീങ്ങുന്ന തരത്തിലുള്ള നിർണായക വിവരങ്ങൾ ഇവരിൽ നിന്നു പൊലീസിനു കിട്ടിയിരുന്നു. ബാങ്കിലെ അക്കൗണ്ട് വിവരങ്ങളിലേക്ക് എത്തിയ പണമിടാപാടുകളെക്കുറിച്ച് ചോദിച്ചപ്പോൾ ഇവർ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു നൽകിയിരുന്നത്. ഇതേ തുടർന്നു അക്കൗണ്ടിലെ മുഴുവൻ വിവരങ്ങളും ബാങ്കിൽ നിന്നു പൊലീസ് ശേഖരിച്ചിട്ടുണ്ട്.
*തെളിവായി വാട്സാപ് സന്ദേശങ്ങൾ*
മന്ത്രവാദി സംഘത്തിലുള്ള ചിലരുടെ ഫോണിന്റെ ലൊക്കേഷൻ സംഭവ ദിവസം പൂച്ചക്കാട് പ്രദേശത്ത് കണ്ടെത്തിയതായി വിവരമുണ്ട്. അതിനാൽ ചിലരുടെ ഫോണുകളും പൊലീസ് പരിശോധിക്കാനായി ശേഖരിച്ചിട്ടുണ്ട്. എന്നാൽ മകൻ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ച ദമ്പതികളെ ഇതുവരെ ചോദ്യം ചെയ്തില്ലെന്നറിയുന്നു. മറ്റുള്ളവരിൽ നിന്നുമായി ഒട്ടേറെ തെളിവുകൾ ശേഖരിച്ച് ഇവരെ ചോദ്യം ചെയ്യാനാണ് സംഘം ആലോചിക്കുന്നത്. മരിച്ചയാളും മന്ത്രവാദിനിയും തമ്മിൽ കൈമാറിയ വാട്സാപ് സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തതായി അറിയുന്നു. മരിച്ച അബ്ദുൽഗഫൂറിൽ നിന്നു ആരോപണ വിധേയായ മന്ത്രവാദിനി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
*അന്വേഷണം തൃപ്തികരം*
പുതുതായി ഏറ്റെടുത്ത സംഘം നടത്തുന്ന അന്വേഷണം ഇതുവരെ തൃപ്തികരമാണ്. സഹോദരനു സ്വർണം നൽകിയ താനടക്കമുള്ള 9 പേരെ ചോദ്യം ചെയ്തു. 12 പേരിൽ രണ്ടാൾ ഗൾഫിലും ഒരു രോഗിയുമാണ്. കുടുംബത്തിന്റെ മുഴുവൻ കാര്യങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞിരുന്നു. നിലവിലുള്ള അന്വേഷണം ഊർജിതമായി പോകണം. സമ്മർദങ്ങൾ ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ സ്വർണം തട്ടിയെടുത്തവരെ കണ്ടെത്തുന്നതിനോടൊപ്പം മരണത്തിലെ ദുരൂഹതയും തെളിയണം.എം.സി.മുഹമ്മദ് ഷെരീഫ്, എം.സി.അബ്ദുൽ ഗഫൂർ ഹാജിയുടെ സഹോദരൻ.