കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പില്‍ 1471742 വോട്ടര്‍മാര്‍. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 1471742 വോട്ടര്‍മാരാണുള്ളത്. 2004 സര്‍വ്വീസ് വോട്ടര്‍മാരും ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമായി 11820 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. 7519 വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുതന്നെ വോട്ട് ചെയ്യാന്‍ സന്നദ്ധതരായി ഇത്തവണയും മുന്നോട്ടുവന്നത്. ഏറ്റവും കൂടുതല്‍ സര്‍വ്വീസ് വോട്ടര്‍മാരുള്ളത് സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലാണ്. 458 പേരാണ് ഇവിടെ സര്‍വ്വീസ് വോട്ടര്‍മാരായുള്ളത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയത്.
ജില്ലയിലെ മൂന്ന് അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും പോളിങ്ങ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്ച രാവിലെ മുതല്‍ തുടങ്ങി. മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ്, കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, മഞ്ചേരി ചുളളക്കാട് ജി.യു.പി സ്‌കൂള്‍, മൈലാടി അമല്‍ കോളേജ് എന്നിവടങ്ങളില്‍ നിന്നാണ് പോളിങ്ങ് സാമഗ്രികളുടെ വിതരണം നടന്നത്. കുറ്റമറ്റ രീതിയിലാണ് മുഴുവന്‍ സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ക്രമീകരിച്ചത്. വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ്ങ് സാമഗ്രികളുമായി ബൂത്തിലെത്താന്‍ പ്രത്യേക വാഹനങ്ങളും ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് നിര്‍വ്വഹണത്തിനായി സുരക്ഷാ സംവിധാനങ്ങളും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210, 1950 ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കാനുള്ള കണ്‍ട്രോള്‍ റുമും വിജില്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്.
*നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍*
മണ്ഡലം പുരുഷന്‍മാര്‍, സ്ത്രീകള്‍ ആകെ വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍
മാനന്തവാടി, 100100, 102830, 202930
സുല്‍ത്താന്‍ബത്തേരി 110723, 116765, 227489
കല്‍പ്പറ്റ, 102573, 108183, 210760
തിരുവമ്പാടി, 91434, 93371, 184808
ഏറനാട് 93880, 91106, 184986
നിലമ്പൂര്‍ 110826, 115709, 226541
വണ്ടൂര്‍ 115508, 118720, 234228
*15155 ഭിന്നശേഷി വോട്ടര്‍മാര്‍*
നിയോജക മണ്ഡലം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ആകെ വോട്ടര്‍മാര്‍
മാനന്തവാടി 1222, 1044, 2266
സുല്‍ത്താന്‍ബത്തേരി 863, 597, 1460
കല്‍പ്പറ്റ 1270, 1090,2360
തിരുവമ്പാടി 1628, 1164,2792
ഏറനാട് 1241,911, 2152
നിലമ്പൂര്‍ 1270, 1099, 2369
വണ്ടൂര്‍ 968, 788,1756
*1354 പോളിങ്ങ് സ്റ്റേഷനുകള്‍*
വയനാട് ലോക്സഭാ മണ്ഡലത്തില്‍ 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. മാനന്തവാടി 173, സുല്‍ത്താന്‍ബത്തേരി 218, കല്‍പ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിങ്ങ് സ്റ്റേഷനുകള്‍. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
*ചൂരല്‍മലയില്‍ രണ്ട് ബൂത്തുകള്‍*
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ്ങ് ബൂത്ത് ഏര്‍പ്പെടുത്തി. ദുരന്തമേഖലയില്‍ നിന്നും വിവിധ താല്‍ക്കാലിക പുനരധിവാസ മേഖലയില്‍ താമസിക്കുന്നവര്‍ക്കായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താന്‍ പ്രത്യേക സൗജന്യ വാഹന സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.