സാധനങ്ങളുടെ വില കുതിക്കുന്നു, അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യും

0
83

തിരുവനന്തപുരം: നിത്യോപയോഗ സാധങ്ങളുടെ വിലവിവരവും സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യതയും പരിശോധിക്കാനൊരുങ്ങി പൊലീസ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ഫാർമസികളിലും മരുന്ന് ലഭ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശം നൽകിയിരിക്കുകയാണ്. പ്രത്യേകം തയ്യാറാക്കിയ പട്ടിക പ്രകാരം മരുന്ന് ലഭ്യത 15ന് മുമ്പ് അറിയിക്കാനാണ് ഇൻ്റലിജൻസ് മേധാവിയുടെ നിർദ്ദേശം. മരുന്ന് ലഭ്യതക്കൊപ്പം തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലവിവരവും അന്വേഷിക്കാൻ നിർദ്ദേശമുണ്ട്.

 

പ്രധാന കമ്പോളങ്ങളിലെ വില വിവരം ശേഖരിക്കാനാണ് പൊലീസിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്ത് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വിവരം ശേഖരിക്കുന്നത്. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിലവിവരം പരിശോധിക്കാൻ പൊലീസിനെ നിർദ്ദേശം നൽകിയിരിക്കുന്നത്.

 

നിത്യോപയോഗ സാധനങ്ങളിൽ പച്ചക്കറി വിലയാണ് വലിയ രീതിയിൽ കൂടിയിരിക്കുന്നത്. പ്രത്യേകിച്ച് തക്കാളിയുടെ വില. തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ല. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് കോഴിക്കോട് പാളയത്തെ പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്.

 

കഴിഞ്ഞ മാസം 15ന് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തക്കാളിയുടെ വില 31 രൂപയായിരുന്നു. ഇപ്പോള്‍ 120 കൊടുത്താലും തക്കാളി കിട്ടാനില്ല. അതാണ് പാളയം മൊത്ത വിപണിയിലെ സ്ഥിതി. പച്ചമുളകിന്‍റേയും ഇഞ്ചിയുടേയുമൊക്കെ കാര്യവും വ്യത്യസ്ഥമല്ല. കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും മാര്‍ക്കറ്റുകളില്‍ പോയ് വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണിപ്പോഴെന്ന് പച്ചക്കറി മൊത്ത വ്യാപാരികള്‍ പറയുന്നു.

 

മൈസൂര്‍, കോലാര്, തമിഴ് നാട്ടിലെ തോപ്പും പെട്ടി, കെന്നത്ത്കടവ് എന്നിവടങ്ങിളില്‍ നിന്നാണ് തക്കാളിയും മുളകുമൊക്കെ എത്തിയിരുന്നത്. കൃഷിനാശം മൂലം മൂന്നാഴ്ചയായി പച്ചക്കറിയുടെ വരവ് കുറഞ്ഞു. പച്ചക്കറിയുടെ വില ഇതുമൂലം കുതിച്ചുയരുകയാണ്. മൂന്നാഴ്ച മുമ്പ് പാളയം മൊത്ത വിപണിയില്‍ 130 രൂപയായിരുന്നു ഇഞ്ചിയുടെ വില. ഇപ്പോഴത് 220 പിന്നിട്ടു. പച്ചമുളകിന്‍റെ വില ഇരട്ടി വര്‍ധിച്ച് 90 കടന്നു. ചെറിയുള്ളി 62ല്‍ നിന്നും 120ലെത്തി. വെളുത്തുള്ളിക്ക് മുപ്പത് രൂപ കൂടി 150 ആയി. കുമ്പളവും വെള്ളരിയും ചേനയുമൊഴികെ മറ്റെല്ലാത്തിനും വില കുതിക്കുകയാണ്. ഇത് ചെറുകിട വ്യാപാരികള്‍ക്ക് സൃഷ്ടിച്ചിരുക്കുന്ന പ്രതിസന്ധിയും ചെറുതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here