വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മൊഴിയെടുക്കാൻ പൊലീസ്. കെ സുധാകരന് എൻ എം വിജയൻ കത്തയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് മൊഴിയെടുക്കുന്നത്. 2022- ൽ കെ സുധാകരന് എഴുതിയ കത്ത് പൊലീസ് കണ്ടെത്തിയിരുന്നു.
ആത്മഹത്യാക്കുറിപ്പിനും കോൺഗ്രസ് നേതാക്കൾക്കുള്ള എട്ടു പേജുള്ള കത്തിനും പുറമേ മറ്റൊരു കത്തു കൂടി പോലീസിന് ലഭിച്ചു. 2022 ൽ കെ സുധാകരന് എഴുതിയ പരാതിയാണ് ലഭിച്ചിട്ടുള്ളത്.വെട്ടിത്തിരുത്തിയ നിലയിലാണ് ഈ കത്ത് ഉള്ളത്. മകനുള്ള കത്താണ് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് വിജയൻ തയ്യാറാക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്.