ഉറ്റവരുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കര്‍ക്കിടക വാവുബലി ഇന്ന്. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ആലുവ മണപ്പുറത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പെരിയാറിന്റെ തീരത്ത് 80 ബലിത്തറകളാണ് ഇക്കുറി ഒരുക്കിയത്. ഹരിദ്വാറിലും ബലിതര്‍പ്പണത്തിനായി നിരവധി മലയാളികളെത്തുന്നുണ്ട്.
ആലുവ മണപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതലാണ് പിതൃകര്‍മങ്ങള്‍ ആരംഭിക്കുന്നത്. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതല്‍ തന്നെ ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് പിതൃനമസ്‌കാരവും പൂജകളും പുരോഗമിക്കുന്നത്.
പെരിയാറിലെ ജലനിരപ്പ് പതിവിലും താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 80 ബലിത്തറകളാണ് മണപ്പുറത്ത് ഒരുങ്ങിയിരിക്കുന്നത്. ആലുവ, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് തലേദിവസം ഒരിക്കല്‍ ആചരിച്ചാണ് വിശ്വാസികള്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നത്.