കൽപ്പറ്റ: മുട്ടിൽ മരം മുറികേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ ഇടപെടൽ. കേസ് അന്വേഷണം സംബന്ധിച്ച് ജില്ലാ കളക്ടറോട് സർക്കാർ വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വയനാട് ജില്ലാ കള്ടക്ടർ വിളിച്ചു ചേർത്തു. വനംവകുപ്പിന്റെ നിസ്സംഗത മൂലം കേസന്വേഷണം ഇഴയുന്നെന്ന പരാതിയെ തുടർന്നാണ് ജില്ലാ കളക്ടരുടെ ഇടപെടൽ.
34 കേസുകളിൽ കസ്റ്റഡിയിലെടുത്ത മരത്തിന്റെ മൂല്യം വനംവകുപ്പ് ഇതുവരെ നിശ്ചയിച്ച് നൽകിയിട്ടില്ല. വനം വകുപ്പ് ചാർജ്ജ് ചെയ്ത 43 കേസുകളിൽ 3 കേസുകളിലൊഴികെ മുഴുവൻ മരവും കണ്ടെത്തി കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പ് വിശദീകരണം.
ഇതിനിടയിൽ, മരം മുറിക്കാൻ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ഒപ്പിട്ടത് താനല്ലെന്ന വെളിപ്പെടുത്തലുമായി കർഷകൻ രംഗത്തെത്തി. മരം മുറിക്കാൻ ഒരിടത്തും അപേക്ഷ നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇതോടെ, റവന്യൂ ഭൂമിയിലെ സർക്കാരിന്റെ സംരക്ഷിത വീട്ടി മരങ്ങൾ മുറിച്ചുമാറ്റിയ കേസിൽ രണ്ടുവർഷത്തിനു ശേഷം കേസ് പുതിയ വഴി തിരിവുകളിലേക്ക് എത്തുകയാണ്.
മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ 7 അപേക്ഷകൾ വ്യാജമാണ് എന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അപേക്ഷകളിൽ ഒപ്പിട്ടത് ഗോത്ര ഊരുകളിൽ നിന്നും ചെറുകിട കർഷകരുടെ കയ്യിൽ നിന്നും മരം വിൽപ്പന ഇടപാട് നടത്തിയ റോജി അഗസ്റ്റിനാണെന്നും ഫോറൻസിക്ക് പരിശോധനയിൽ വ്യക്തമായിരുന്നു.