പതിനേഴുപേരുടെ ജീവനെടുത്ത പുത്തുമല ഉരുള്‍പൊട്ടലിന് നാലാണ്ട്. 2019 ഓഗസ്റ്റ് എട്ടിനാണ് ഒരു ഗ്രാമത്തെ തന്നെ തുടച്ചുനീക്കിയ ദുരന്തുമുണ്ടായത്. കനത്തമഴയില്‍ ഉരുള്‍പൊട്ടിയൊഴുകിയെത്തിയ മണ്ണും പാറക്കൂട്ടവും നിമിഷനേരംകൊണ്ട് ഒരു ഗ്രാമത്തിന് മുകളില്‍ പതിച്ചു. ഓര്‍മകളുടെ വിങ്ങലുണ്ടെങ്കിലും അതിജീവനപാതയിലാണ് പുത്തുമല.
സ്‌കൂളും അംഗനവാടികളും ലേബര്‍ ക്ലബുകളും ദുരന്തത്തില്‍ തുടച്ചുനീക്കപ്പെട്ടു. നീണ്ട തെരച്ചിലിലും മരിച്ചവരുടെ പട്ടികയിലെ അഞ്ചു പേരെ ഇന്നും കണ്ടെത്താനായിട്ടില്ല. വിഷമത്തോടുകൂടിയാണ് ഈ ദിവസം എത്തുമ്പോള്‍ ഓര്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
നോക്കി നില്‍ക്കെ മരണത്തിലേക്ക് ആണ്ടുപോയവരെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും ഇവരുടെ കണ്ഠമിടറും. അന്ന് ബാക്കിയായതൊക്കെ പലയിടങ്ങളിലായി കാടുപിടിച്ച് കിടപ്പുണ്ട്. നേരത്തെ നട്ട ഏലവും കാപ്പിയും കമുകുമെല്ലാം നാമ്പിട്ടുതുടങ്ങി. ഒലിച്ചുപോയ തോട്ടങ്ങള്‍ക്കുപകരം പുതിയത് ഒരുക്കാനുള്ള ശ്രമത്തിലാണ് ചിലര്‍.