തക്കാളി വില കുതിച്ചുയരുന്നു; മോഷണം തടയാൻ ക്യാമറകൾ സ്ഥാപിച്ച് കർഷകൻ

0
477

രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, തക്കാളി മോഷണവും കൂടികൊണ്ടിരിക്കുകയാണ്. വില കൂടിയതില്‍ പിന്നെ നിരവധി മോഷണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ കർഷകൻ മോഷണം ഭയന്ന് തന്റെ വയലിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. പഴത്തിന് ഉയർന്ന വിലയുള്ള സാഹചര്യത്തിലാണ് ഫാമിൽ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. മഹാരാഷ്ട്രയിൽ തക്കാളിയുടെ വില കിലോഗ്രാമിന് ഏകദേശം 160 രൂപയാണ്.

 

ഏതൊരു ഇന്ത്യൻ കുടുംബത്തിലും തക്കാളി ഭക്ഷണത്തിന്റെ ഒരു പ്രധാന ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ കുതിച്ചുയരുന്ന തക്കാളിയുടെ വില സാധാരണക്കാരെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. 22,000 രൂപ ചെലവഴിച്ചാണ് കർഷകൻ തന്റെ വയലിൽ ക്യാമറകൾ സ്ഥാപിച്ചത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കർഷകനായ ശരദ് റാവട്ടെ പറഞ്ഞു.

 

തക്കാളിയുടെ വിലക്കയറ്റത്തിനിടയിൽ, തക്കാളി മോഷണം പോയ നിരവധി സംഭവങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് 21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കടത്തുകയായിരുന്ന ട്രക്ക് കാണാതായതായി കർണാടക പോലീസ് അറിയിച്ചു.

 

ജാർഖണ്ഡിലെ പച്ചക്കറി മാർക്കറ്റിലെ കടകളിൽ നിന്ന് 40 കിലോയോളം തക്കാളി മോഷണം പോയി. വലിയ ഒരു വിഭാഗം ഉപഭോക്താക്കൾക്കും വർധിച്ചുവരുന്ന തക്കാളിവില താങ്ങാനാകുന്നില്ല. ഒരു മാസം മുമ്പാണ് ചില്ലറ വിൽപന നിരക്കിൽ 300 ശതമാനം വർധനവുണ്ടായത്. കഴിഞ്ഞയാഴ്ച വില കിലോയ്ക്ക് 120 രൂപയായി കുറഞ്ഞെങ്കിലും വീണ്ടും 200 രൂപയ്ക്കും മുകളിലേക്കും ഉയർന്നു.ഓഗസ്റ്റ് ഒന്നിന് 132.5 രൂപയായിരുന്നു ശരാശരി വില. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 120 രൂപയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here