തിരുവന്തപുരം: പിറവത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ പരീതിനെയാണ് അറസ്റ്റ് ചെയ്തത്. പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോട് മോശമായി പെരുമാറിയ ഇയാളെ നാട്ടുകാർ ചേർന്നാണ് പൊലീസിൽ ഏൽപ്പിച്ചത്.
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടയിൽ സ്ത്രീകളെ കടന്നുപിടിക്കുകയായിരുന്നു. യുവതികളുടെ പരാതിയിൽ ഇന്നലെ രണ്ട് പൊലീസുകാരെ കസ്റ്റഡിയിൽ എടുത്തിരുന്നു. പൊലീസുകാർ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതികൾ ശക്തമായി പ്രതികരിക്കുകയും ബഹളംവെക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവെക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ രാമമംഗലം പൊലീസാണ് യുവതികളെ കടന്നുപിടിക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തത്.
ഒരാഴ്ച്ചയ്ക്കിടയിൽ നടക്കുന്ന സമാനമായ മൂണ്ടാമത്തെ സംഭവമാണിത്. പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ്സിൽ യുവതിയോട് മോശമായി പെരുമാറിയ രണ്ട് പൊലീസ് ഉദ്യഗോസ്ഥരെ അറസ്റ്റ് ചെയ്തത് ഓഗസ്റ്റ് ഏഴിനായിരുന്നു. ഇടുക്കി കാഞ്ചിയാർ സ്വദേശി സതീഷ്, കോന്നി സ്റ്റേഷനിലെ സിപിഒ ഷമീർ എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഐജി ലക്ഷ്മണയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് സതീശ്.
ഒരേ ദിവസമം സമാനമായ കുറ്റകൃത്യത്തിന് വ്യത്യസ്ത സംഭവങ്ങളിലാണ് ഈ രണ്ട് ഉദ്യോഗസ്ഥരും അറസ്റ്റിലായത്. സതീഷ് ആണ് ആദ്യം അറസ്റ്റിലായത്. ഓഗസ്റ്റ് 7 ന് രാവിലെ 11 മണിയോടെ കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ വെച്ച് ഇയാൾ യാത്രക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. യാത്രക്കാരിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്നേ ദിവസം, ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സമാനമായ മറ്റൊരു പരാതിയിൽ ഷമീർ അറസ്റ്റിലായത്. പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ മുൻ സീറ്റിലിരുന്ന യുവതിയെ ഷമീര്‍ കടന്നു പിടിച്ചുവെന്നാണ് കേസ്. യുവതിയുടെ മൊഴിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഷെമീറിനെ അറസ്റ്റ് ചെയ്തു. താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അറിയാതെ യുവതിയുടെ ശരീരത്ത് സ്പര്‍ശിച്ചുവെന്നാണ് ഷെമീറിന്റെ വാദം.