വാട്സ്ആപ്പ് കെണി സൂക്ഷിക്കുക, വ്യാപാരിക്ക് നഷ്ടമായത് 45 ലക്ഷം

0
816

വാട്സാപ്പിലേക്ക് വിദേശത്തു നിന്നുൾപ്പെടെയുള്ള അറിയാത്ത ചില നമ്പറുകളിൽ നിന്നു വരുന്ന ഹായ് സന്ദേശങ്ങൾക്ക് കരുതലോടെ പ്രതികരിക്കുക. വാട്സാപ് നമ്പർ വിദേശത്തിരിക്കുന്നവർക്ക് എങ്ങനെ കിട്ടിയെന്ന് അമ്പരക്കേണ്ട. സാമൂഹിക മാധ്യമങ്ങളിലോ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിലോ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളെല്ലാം തപ്പിയെടുത്തു നൽകുന്ന ആപ്പുകളും സോഫ്റ്റ്‌വെയറുകളുമാണു തട്ടിപ്പിനു വഴിയൊരുക്കുന്നത്.

 

സാധനം വാങ്ങുമ്പോൾ കടകളിൽ നൽകുന്ന ഫോൺ നമ്പറുകളും ഇത്തരത്തിൽ വൻതോതിൽ ചോരുന്നതായാണു പൊലീസ് സൈബർ വിഭാഗത്തിന്റെ കണ്ടെത്തൽ. നേരത്തേ ഫെയ്സ്ബുക് വഴിയോ മെസഞ്ചർ വഴിയോ ആണ് ഇത്തരം തട്ടിപ്പുകൾക്കു ശ്രമിച്ചിരുന്നതെങ്കിൽ ഇപ്പോൾ വാട്സാപ്പിൽ തന്നെ പരിചയം നടിച്ചും സൗജന്യങ്ങൾ മുന്നോട്ടുവച്ചും മെസേജുകൾ വരുന്നതാണു പുതിയ രീതി. ഇൗ രീതിയിൽ വിവിധ സൈബർ തട്ടിപ്പുകളിൽ മലയാളികൾ ഉൾപ്പെട്ടുപോകുന്നുണ്ടെന്നു പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം മുന്നറിയിപ്പു നൽകുന്നു.

 

വാട്സാപ് വഴി പാർട് ടൈം ജോലി വാഗ്ദാനം ചെയ്തു നടത്തുന്ന തട്ടിപ്പിലും സാധനങ്ങൾ വാങ്ങി അപ്പോൾത്തന്നെ ലാഭത്തിൽ വിൽക്കുന്ന ട്രേഡിങ് തട്ടിപ്പിലും കുടുങ്ങി ഇപ്പോഴും മലയാളികളുടെ പണം വൻതോതിൽ പോകുന്നു. ഇന്നലെയും ട്രേഡിങ് തട്ടിപ്പിൽ തിരുവനന്തപുരത്തു വ്യാപാരിക്ക് നഷ്ടമായത് 45 ലക്ഷം രൂപയാണ്. ഇതിൽ സൈബർ വിഭാഗം കേസെടുത്തു. ഇതുവരെ നാനൂറിലധികം കേസുകളാണ് ഇൗ രണ്ടു തട്ടിപ്പുകളിലുമായി റജിസ്റ്റർ ചെയ്തത്.

 

സൈബർ തട്ടിപ്പുകളുടെ പതിവു കേന്ദ്രങ്ങളായ ജാർഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളിൽ നിന്നു മാത്രമല്ല മറ്റു രാജ്യങ്ങളിൽ നിന്നുപോലും ഇൗ തട്ടിപ്പ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. വാട്സാപ് നമ്പറുകളിലേക്കു ഹായ് അയച്ച് പരിചയപ്പെടാൻ ശ്രമിക്കും. കൗതുകം തോന്നുന്ന എന്തെങ്കിലും സംഭവത്തിന്റെ ലിങ്ക് ഉൾപ്പെടെ അയച്ചുതരികയാണു പതിവ്. ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിന്റെ ക്യാമറയും മൈക്കും ഉൾപ്പെടെ അവർക്കു നേരിട്ട് ലഭിക്കും.

 

ഫോണിൽ ഫോട്ടോകൾ സൂക്ഷിച്ചിട്ടുള്ള ഗ്യാലറിയും അവർക്ക് നേരിട്ടു കൈകാര്യം ചെയ്യാൻ സാധിക്കും. ഫോണിന്റെ ക്യാമറയും മൈക്കും ഉൾപ്പെടെ അവർക്കു കിട്ടിയാൽ ഇവിടുത്തെ ദൃശ്യങ്ങളും സംസാരവും വരെ നേരിട്ടു കാണാൻ കഴിയുന്ന സോഫ്റ്റ്‌വെയറുകളും ഇൗ തട്ടിപ്പു സംഘത്തിനുണ്ട്. ഇതുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുന്ന പരാതികളുമേറെയാണ്.

 

കൂടാതെയാണു നേരത്തേ മെസഞ്ചർ വഴി നടന്നിരുന്ന വിഡിയോ കോൾ തട്ടിപ്പ് ഇപ്പോൾ വാട്സാപ് വഴിയും വ്യാപകമായത്. വാട്സാപ്പിൽ ഇത്തരം അപരിചിത നമ്പറിൽ നിന്നു വരുന്ന വിഡിയോ കോൾ എടുത്താൽ അപ്പുറത്തു നിന്നു നഗ്നതാ പ്രദർശനവും ഒപ്പം ഇപ്പുറത്തുള്ളയാളുടെ മുഖംകൂടി ഉൾപ്പെടുത്തിയുള്ള ഫോട്ടോ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുന്ന സംഭവങ്ങളും പതിവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here