യുഎഫ്ഒ എന്നറിയപ്പെട്ടിരുന്ന വിശദീകരിക്കാനാകാത്ത ആകാശ പ്രതിഭാസത്തെ (UAP) കുറിച്ച് നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ പുറത്തുവിട്ട് നാസ. നേരത്തെ അന്യഗ്രഹ ജീവിയുടെ മൃതദേഹം മെക്‌സിക്കോ പാർലമെന്റിൽ കൊണ്ടുവന്നത് വലിയ ചർച്ചയായിരുന്നു. ഇതെ തുടർന്നാണ് നാസ ഈ ജീവിയിൽ പഠനം ആരംഭിച്ചത്.
യുഎപി ഗവേഷണം നിലവിൽ നടക്കുന്നത് ഡേവിഡ് സ്‌പെർജലിന്റെ നേതൃത്വത്തിലാണ്. ഈ ജീവിയെ കുറിച്ച് ശരിയായ ധാരണയില്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ ഡേവിഡ് പ്രതികരിച്ചത്. ഊഹാപോഹങ്ങളേയും കോൺസ്പിരസി തിയറികളേയും അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകൾക്ക് പകരം ശാസ്ത്രീയ അടിസ്ഥാനത്തിൽ യുക്തിയോടെയുളള വസ്തുനിഷ്ടമായ കാര്യങ്ങളാണ് കണ്ടെത്തേണ്ടതെന്ന് ഗവേഷണത്തിന്റെ അസിസ്റ്റന്റ് ഡെപ്യൂട്ടി അസോസിയേറ്റ് ഡാൻ ഇവാൻസ് പറഞ്ഞു.
നിലവിൽ ഈ അന്യഗ്രഹ ജീവികളെ ലഭിച്ചിരിക്കുന്നത് യുഎഫ്ഒയിൽ നിന്ന് അല്ലെന്നും ഫോസിലൈസേഷന് വിധേയമായ ഡയാറ്റം മൈനിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പെസിമെനിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ ഈ ജീവിക്ക് ഭൂമിയിലുള്ള മറ്റ് ജീവികളുമായി ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവിയുടെ 30% ഡിഎൻഎയും മറ്റ് ജീവികളോട് സദൃശ്യമില്ലാത്തതാണ്.
അന്യഗ്രഹജീവികൾ ഉണ്ടോ എന്ന കാര്യത്തിൽ തെളിവില്ലെന്നും എന്നാൽ നമ്മുടെ സൗരയുഥം കടന്ന് അവയ്ക്ക് എത്തിക്കൂടായ്കയില്ലെന്നും നാസയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. അന്യഗ്രഹ ജീവികളെ കുറിച്ച് പഠിക്കാൻ മതിയായ വിവരങ്ങളില്ലെന്നത് ഒരു പരിമിതിയാണ്.
നിലവിൽ ലഭിച്ചിരിക്കുന്ന അന്യഗ്രഹ ജീവിയെന്ന് പറയപ്പെടുന്ന സ്‌പെസിമൻ കണ്ടെത്തിയത് 2017 ലാണ്. കാർബൺ ഡേറ്റിംഗിലൂടെ നടത്തിയ പരിശോധനയിൽ സ്‌പെസിമന് 1800 വർഷം പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ.
യുഎപി കണ്ടെത്താൻ നല്ലത് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗുമാണെന്ന് ഡാനിയൽ ഇവാൻസ് വ്യക്തമാക്കി.