മരുന്ന് നിറയ്ക്കാതെ പിഞ്ചു കുഞ്ഞിന് കുത്തിവെപ്പ്; രണ്ട് നഴ്സുമാര്‍ക്ക് സസ്പെൻഷൻ

0
1057

മരുന്നു നിറയ്ക്കാതെ പിഞ്ചുകുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പെടുത്ത സംഭവത്തില്‍ രണ്ട് നഴ്സുമാര്‍ക്ക് സസ്പെൻഷൻ. കൊല്ലം കുണ്ടറയില്‍ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്സുമാരായ എസ്.ഷീബ, ഡി.ലൂര്‍ദ് എന്നിവരെയാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

 

വെള്ളിമൺ സ്വദേശികളായ വിഷ്ണുപ്രസാദ്- ശ്രീലക്ഷ്മി ദമ്പതികളുടെ രണ്ടര മാസം പ്രായമായ കുഞ്ഞിനാണ് മരുന്ന് നിറയ്ക്കാതെ കുത്തിവെപ്പ് എടുത്തത്. കുട്ടിയുടെ പിതാവ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയിലാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അമ്മയും അമ്മൂമ്മയും ചേർന്നാണ് കുഞ്ഞിനെ കുത്തിവെപ്പിന് കൊണ്ടുവന്നത്.

 

സിറിഞ്ചിൽ മരുന്ന് നിറയ്ക്കാത്തത് കണ്ട് കുഞ്ഞിന്റെ അമ്മ നഴ്സിനോട് ചോദിച്ചപ്പോൾ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് വീണ്ടും ഇഞ്ചക്ഷൻ എടുക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ആശുപത്രിയിലെത്തി അന്വേഷണം നടത്തിയിരുന്നു. പേശിയിലെടുത്ത കുത്തിവെപ്പ്ആയതിനാൽ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here