കോളേജിൽ വിദ്യാർത്ഥിക്കുനേരെ എബിവിപി പ്രവർത്തകരുടെ ക്രൂര മർദനമെന്ന് പരാതി. എബിവിപി നേതാവിനെ കാണാൻ നിർദേശിച്ചത് അവഗണിച്ചതാണ് മർദനത്തിന് കാരണമായതെന്ന് വിദ്യാർഥി. ഒന്നാം വർഷം ഇക്കണോമിക്സ് വിദ്യാർഥി നീരജിനാണ് മർദനമേറ്റത്. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ രണ്ടാം വർഷ വിദ്യാർഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. രണ്ടാം വർഷ വിദ്യാർഥികളുടെ നേതാവായ ആരോമലിനെ കണ്ടിട്ട് ക്ലാസിൽ കയറിയാൽ മതി എന്നൊരു വാട്സ്ആപ്പ് സന്ദേശം നീരജിന് ലഭിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് നീരജ് കോളേജിൽ എത്തിയതാണ് സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്.
തുടർന്ന് മൈതാനത്ത് ഒരു ഭാഗത്തേക്ക് നീരജിനെ മർദിക്കുകയായിരുന്നു. വിവസ്ത്രനാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ചെയ്തിട്ടുണ്ട്. കാലിനും കഴുത്തിനും ഉൾപ്പെടെ നീരജിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കോളേജ് അധികൃതരിൽ പരാതിപ്പെട്ടാൽ പെൺകുട്ടിയെകൊണ്ട് പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെതുടർന്ന് പാറശാല പൊലീസിൽ വിദ്യാർഥിയുടെ കുടുംബം പരാതി നൽകി.