ബെംഗളൂരു ∙ വളർത്തുനായകളുടെ ആക്രമണത്തിൽ യുവതിക്കു പരുക്കേറ്റ സംഭവത്തിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. ദർശനും രണ്ട് സഹായികൾക്കും എതിരെയാണ് നടപടി. വീടിനു സമീപം കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദർശന്റെ സഹായികളുമായി വാക്കുതർക്കമുണ്ടായതിനു പിന്നാലെ അവിടത്തെ വളർത്തുനായകൾ തന്നെ ആക്രമിച്ചെന്നു യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം ബെംഗളൂരു ആർആർ നഗറിലെ ദർശന്റെ വസതിക്കു സമീപം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതി. ചടങ്ങിനു ശേഷം തിരിച്ചെത്തിയപ്പോൾ കാറിനു സമീപം മൂന്നു നായകളെ കണ്ടു. നായകളെ മാറ്റാൻ നടന്റെ സഹായികളോടു ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചു. തുടർന്നുണ്ടായ വാക്കേറ്റതിനു ശേഷമാണ് നായകൾ ആക്രമിച്ചതെന്നും ഇവയെ തടയാൻ സഹായികൾ ഒന്നും ചെയ്തില്ലെന്നും പരാതിയിൽ പറയുന്നു. വയറിനു പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി.