ബത്തേരി : കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. നമ്പ്യാർകുന്ന് ഐനിപ്പുരയിൽ കാട്ടുനായ്ക്ക കോളനിയിലെ ഭാസ്ക്കരനാണ് (55) മരിച്ചത്.
പാട്ടവയലിനടുത്ത അമ്പലമൂലയിലെ ബന്ധുവീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. അമ്പലമൂല ടൗണില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി നടന്നുപോകുന്നതിനിടെ ഐനിപുരയില് വെച്ചാണ് ഇയാളെ കാട്ടാന ആക്രമിച്ചത്.
ഇന്നലെ വൈകീട്ട് 7.30 ഓടെയാണ് സംഭവം. കോളനിക്കാർ ബഹളം വെച്ചതോടെ ആന പിൻതിരിഞ്ഞു. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഭാസ്ക്കരനെ തമിഴ്നാട് വനംവകുപ്പ് എത്തി പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.