‘റോബിൻ’ വീണ്ടും ഓടി; മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി

0
1209

മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങി. അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും എംവിഡി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണ്.

 

ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എംവിഡി.

 

പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും.

 

നിയമ ലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബര്‍ 16-ാം തീയതിയാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച യാത്ര തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

 

പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here