വ്യാജമദ്യ നിർമാണ സംഘത്തെ എക്സൈസ് പിടികൂടി. സിനിമാ നടൻ കൂടിയായ അനൂപ് എന്നയാൾ ഉൾപ്പെടെ ആറു പേരെയാണ് എക്സൈസ് പിടികൂടിയത്. ഇവരിൽനിന്ന് 1200 ലീറ്റർ മദ്യവും പിടിച്ചെടുത്തു. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്. തുടർന്ന് മദ്യം കുപ്പികളിലാക്കി തൃശൂർ ജില്ലയിലും അയൽ ജില്ലകളിലും വിൽക്കുകയായിരുന്നു പതിവ്.
അനൂപിനു പുറമേ കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഡോ. അനൂപ് 2022ൽ പുറത്തിറങ്ങിയ വരയൻ എന്ന സിനിമയിൽ ഉൾപ്പെടെ അഭിനയിച്ചിട്ടുണ്ടെന്നാണ് വിവരം.
പെരിങ്ങോട്ടുകരയിലെ ഒരു റസ്റ്ററന്റിനു സമീപം ഇത്തരമൊരു വ്യാജമദ്യ നിർമാണ കേന്ദ്രം പ്രവർത്തിക്കുന്നതായി മാസങ്ങൾക്കു മുൻപു സൂചന ലഭിച്ചിരുന്നു. അതിനുശേഷം ഇവിടം എക്സൈസ് ഉദ്യോസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. സെൻട്രൽ എക്സൈസ് സ്ക്വാഡും എക്സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കന്നാസുകളിലും കുപ്പികളിലുമായി സൂക്ഷിച്ച മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു. പിടിയിലായ അനൂപ് എന്നയാൾ ഡോക്ടറാണെന്ന് ആദ്യം സൂചനകളുണ്ടായിരുന്നു. എന്നാൽ, ഇയാൾ ഡോക്ടറേറ്റുള്ള ആളാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.